moon-mission

ഇന്ത്യയുടെ അഭിമാനമായി ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നും പറന്നുയർന്നിരിക്കുകയാണ്. ചാന്ദ്രദൗത്യത്തിനായി ഇന്ത്യ ഒരുങ്ങിയിറങ്ങിയ ജൂലായ് മാസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നീൽ ആംസ്‌ട്രോങും,ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയിട്ട് ഈ ജൂലായിൽ 50 വർഷം തികയുന്നു എന്നതാണ് ആ പ്രത്യേകത. നീൽ ആംസ്‌ട്രോങും, സംഘവും ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് പുറപ്പെടമ്പോൾ ഇനി ഭൂമിയിൽ തിരികെ എത്തുമെന്ന് അവർക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു. ലോകം ശ്വാസമടക്കി നിന്ന ആ ദൗത്യത്തിലെ ചരിത്രസംഭവത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിക്കുകയാണ് ശ്രീകാന്ത് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നീൽ ആംസ്‌ട്രോങും, സംഘവും ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് പുറപ്പെടുമ്പോൾ ജീവനോടെ തിരിച്ചു വരുമെന്ന് അവർക്കോ,അവരെ പറഞ്ഞയച്ചവർക്കോ എത്രത്തോളം ഉറപ്പുണ്ടായിരുന്നു??

യാതൊരു ഉറപ്പും ഇല്ലായിരുന്നു എന്ന് ചാന്ദ്ര യാത്രാ ചരിത്രം പറയും..എന്തെങ്കിലും സംഭവിച്ചാൽ തങ്ങളുടെ കുടുംബത്തിന്റെ ഭാവി സംരക്ഷിക്കാൻ നൂറുക്കണക്കിന് ഓട്ടോഗ്രാഫുകളിൽ ഒപ്പിട്ട് കുടുംബത്തിന്റെ കയ്യിൽ ഏൽപ്പിച്ചായിരുന്നു അവർ യാത്ര തുടങ്ങിയത്.തങ്ങൾക്കു വല്ലതും സംഭവിച്ചാൽ അത് വിറ്റു പണം കണ്ടെത്താനുള്ള നിർദേശവും അവർ നൽകിയിരുന്നു..മരിക്കാൻ സന്നദ്ധമായി തന്നെയാണ് ദൗത്യത്തിന് ഇറങ്ങിയത് എന്ന് സാരം!

ഇനി അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൻറെ കാര്യമോ..ചാന്ദ്ര ദൗത്യം അപകടത്തിൽ പെട്ടാൽ ,യാത്രികർ കൊല്ലപ്പെട്ടാൽ പുറത്തിറക്കാനുള്ള അനുശോചന സന്ദേശം തയ്യാറാക്കിയായിരുന്നു ആംസ്‌ട്രോങിന് അദ്ദേഹം മംഗളാശംസകൾ, നേർന്നത്!.ആ അനുശോചന സന്ദേശത്തിന്റെ ഒരു വരി ഇപ്രകാരമായിരുന്നു....

"പണ്ട് മനുഷ്യൻ നക്ഷത്രങ്ങളെ നോക്കി അവരുടെ വീര നായകന്മാരെ താരാപഥങ്ങളിൽ കണ്ടെത്തുമായിരുന്നു.
ആധുനിക യുഗത്തിലും നാം അത് തന്നെ ചെയ്യുന്നു,പക്ഷെ നമ്മുടെ വീരനായകർ ഇതിഹാസസമാനങ്ങളുള്ള
രക്തവും മജ്ജയുമുള്ള മനുഷ്യരാണെന്നു മാത്രം"

യാത്രികരുടെ കുടുംബങ്ങൾക്ക് ഓട്ടോഗ്രാഫ് വിൽക്കേണ്ടി വന്നില്ല..നിക്സണ് അനുശോചന കുറിപ്പ് വായിക്കേണ്ടിയും വന്നില്ല..വിജയകരമായി ആദ്യത്തെ ചന്ദ്രയാത്രികർ ദൗത്യം പൂർത്തിയാക്കി തിരിച്ചിറങ്ങി.

നീൽ ആംസ്‌ട്രോങും,ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയിട്ട്(1969 July 20) ഇന്നത്തേക്ക് 50 വർഷം തികയുന്നു...
മനുഷ്യന്റെ ചന്ദ്ര ദൗത്യങ്ങൾ പുതിയ സാങ്കേതിക വിദ്യകളുടെ ചിറകിൽ കുതിച്ചു കൊണ്ടിരിക്കുന്നു..