ഉത്തർകാശി: കേന്ദ്ര സർക്കാരിന്റെ പെൺകുട്ടികൾക്കായുള്ള 'ബേട്ടി ബച്ചാവോ, ബേട്ടി പാഠാവോ' പദ്ധതി പുരോഗമിക്കുമ്പോഴും രാജ്യത്ത് പെൺഭ്രൂണഹത്യ രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസമായി ഒരു പെൺകുഞ്ഞ് പോലും ജനിച്ചിട്ടില്ല. ഇവിടെയുള്ള 132 ഗ്രാമങ്ങളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജനിച്ച ശിശുക്കളെ എണ്ണം 216 ആണ്. എന്നാൽ ഇതെല്ലാം ആൺകുട്ടികൾ മാത്രമാണ്. ഇക്കൂട്ടത്തിൽ ഒറ്റ പെൺകുട്ടി പോലുമില്ല.
ഇതിന്റെ കാരണം എന്താണെന്ന് ജില്ലാ ഭരണകൂടത്തിന് ഇനിയും മനസിലാക്കാൻ സാധിച്ചിട്ടില്ല. സംഭവത്തിന്റെ കാരണം മനസിലാക്കാൻ സർവേകളും പഠനങ്ങളും നടത്തേണ്ടതുണ്ടെന്നാണ് ഭരണകൂടം പറയുന്നത്. ഇതിനായി ആശാ വർക്കേഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഇവരോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.പെൺഭ്രൂണഹത്യ തന്നെയാണ് പെൺകുട്ടികളെ ജനിക്കാത്തതിന് കാരണം എന്നാണ് ഈ പ്രദേശത്തെ സാമൂഹ്യ പ്രവർത്തകയായ കൽപ്പന താക്കൂർ പറയുന്നത്.
ഈ സംഭവം ഒരിക്കലും യാദൃശ്ചികമാകാൻ സാധ്യതയില്ലെന്നും, പെൺകുട്ടികൾ ഉണ്ടാകാതിരിക്കാൻ നടക്കുന്ന ഭ്രൂണഹത്യകൾ തന്നെയാണ് ഇതിന് കാരണമെന്നും കൽപ്പന പറയുന്നു. ഇതിനു പരിഹാരമായി ഉത്തരാഖണ്ഡ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും കൽപ്പന ചൂണ്ടിക്കാട്ടി. പെൺഭ്രൂണഹത്യ ഇവിടെ നടക്കുന്നുണ്ടെന്ന് ഉറപ്പാണെന്നും കേന്ദ്ര സർക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പാഠാവോ പരിപാടിയുടെ പരാജയമാണിതെന്നും മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ശിവ് സിംഗ് തൻവാളും പറയുന്നു.