ടെഹ്‌റാൻ: അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ വൻ ചാരശൃംഖല തകർത്ത് 17 പേരെ അറസ്റ്റു ചെയ്‌തെന്നും ചിലരെ വധശിക്ഷയ്ക്കിരയാക്കിയെന്നും ഇറാൻ ഇന്റലിജൻസ് മന്ത്രാലയം വെളിപ്പെടുത്തിയതായി മാദ്ധ്യമ റിപ്പോർട്ട്.
'ആണവശക്തി, സൈന്യം, സൈബർ തുടങ്ങിയ മേഖലകളിലെ രഹസ്യവിവരങ്ങൾ ചോർത്തുന്നതിനാണ് സി.ഐ.എ ചാരൻമാരെ നിയോഗിച്ചിരുന്നത്. മനഃപൂർവം രാജ്യത്തെ ചതിച്ച ഇത്തരക്കാരെ പിടികൂടി നിയമത്തിന്റെ മുന്നിലെത്തിച്ചു. ചിലർക്ക് വധശിക്ഷ നൽകി. മറ്റ് ചിലർ ദീർഘനാളായി ജയിലിലാണ്' - ഇറാൻ ഇന്റലിജൻസ് മന്ത്രാലയ വക്താവ്, സർക്കാർ നിയന്ത്രണത്തിലുള്ള ചാനൽ റിപ്പോർട്ടറോട് വെളിപ്പെടുത്തിയതായാണ് വിവരം.
ഇറാനും അമേരിക്കയും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്കൻ ചാരന്മാർക്ക് വധശിക്ഷ വിധിച്ച റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഐ.ടി ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ സ്വകാര്യ കമ്പനികളിൽ കരാർ അടിസ്ഥാനത്തിലോ കൺസൾട്ടന്റുമാരായോ ജോലി ചെയ്തിരുന്നവരെയാണ് ചാരപ്രവർത്തനത്തിന് പിടികൂടിയത്. ഇവരിൽ പലർക്കും ഇരട്ടപൗരത്വമുണ്ടായിരുന്നതായും ഇറാൻ ആരോപിച്ചു.
സി.ഐ.എ നിയന്ത്രിച്ചിരുന്ന വമ്പൻ സൈബർ ചാരനെറ്റ്‌വർക്ക് തകർത്തുവെന്ന് ജൂണിൽ ഇറാൻ അവകാശപ്പെട്ടിരുന്നു. ഇതിൽപെട്ടവരെയാണോ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല.
ഇറാനിൽ ഒരു വർഷം മുൻപ് പിടികൂടിയ ചിലരെ യു.എസ് 'ചാരന്മാർ' എന്ന് മുദ്രകുത്തി വധശിക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇവർ എത്ര പേരുണ്ടെന്നത് വ്യക്തമാക്കിയിരുന്നില്ല.