തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ഇടപാടിൽ ആരോപണ വിധേയനായ ചാത്തന്നൂർ എം.എൽ.എ ജി.എസ്.ജയലാലിനെതിരെ നടപടിയെടുക്കാൻ സി.പി.ഐ സംസ്ഥാന നിർവാഹക സമിതിയോഗം തീരുമാനിച്ചു. ജയലാലിനെ പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കുമെന്നാണ് അറിയുന്നത്. സ്ഥാന കൗൺസിലിൽ ചർച്ച ചെയ്‌ത ശേഷമായിരിക്കും തീരുമാനം നടപ്പാക്കുക. കൊല്ലം ജില്ലാ കൗൺസിൽ, സംസ്ഥാന കൗൺസിൽ അംഗമാണ് ജി.എസ്.ജയലാൽ.
എം.എൽ.എയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി നിർവാഹക സമിതി യോഗം വിലയിരുത്തി. ഇത്രയും വലിയ ഇടപാട് നടക്കുന്ന കാര്യം പാർട്ടിയെ അറിയിച്ചില്ല. നൽകിയ ഒരു കോടി രൂപയുടെ സ്രോതസും പാർട്ടിയെ അറിയിച്ചില്ല. കൊല്ലം നഗരത്തിൽ 75 സെന്റിൽ സ്ഥിതി ചെയ്യുന്ന ആശുപത്രി 5.25 കോടി രൂപയ്ക്കു വാങ്ങാൻ ജയലാൽ പ്രസിഡന്റായി രജിസ്റ്റർ ചെയ്ത സാന്ത്വനം ഹോസ്പിറ്റൽ കോഓപ്പറേറ്റീവ് സൊസൈറ്റി കരാറെഴുതിയതാണ് സി.പി.ഐയിൽ വിവാദമായത്. ഒരു കോടിയിലേറെ രൂപ നൽകി ആശുപത്രി വാങ്ങാൻ കരാറെഴുതിയിട്ടും പാർട്ടിയുടെ അനുമതി വാങ്ങിയിരുന്നില്ല.