രാമപുരം (കോട്ടയം): രാമപുരത്തെ നാലമ്പല ദർശനത്തിന് വൻ ഭക്തജനത്തിരക്ക്. പതിനായിരങ്ങളാണ് ഇന്നലെ ദർശനം നടത്തിയത്. വെളുപ്പിന് 4 മണിക്ക് നിർമ്മാല്യ ദർശനത്തിന് നടതുറക്കുമ്പോൾ തന്നെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. ശക്തമായ മഴ ഉണ്ടായിരുന്നെങ്കിലും തീർത്ഥാടക പ്രവാഹത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദർശനത്തിനു ശേഷം കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും, അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയാണ് ഭക്തജനങ്ങൾ നാലമ്പല ദർശനം പൂർത്തിയാക്കുന്നത്. നാലു ക്ഷേത്രങ്ങളിലും രാവിലെ മുതൽ തന്നെ അന്നദാനവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് എല്ലാ ക്ഷേത്രങ്ങളിലും നട അടച്ചത്. വൈകിട്ടും ദർശനത്തിനായി ധാരാളം ഭക്തജനങ്ങൾ എത്തിയിരുന്നു. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സർക്കുലർ സർവീസ് നടത്തി. കൂടുതൽ പൊലീസിനെയും വോളന്റിയർമാരെയും വിന്യസിച്ചിരുന്നു.