2007 നവംബർ 12
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്‌മോസും ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒയും സംയുക്ത സംരംഭമെന്ന നിലയിൽ ചന്ദ്രയാൻ ദൗത്യത്തിന് കരാറിൽ ഏർപ്പെടുന്നു. കരാർ അനുസരിച്ച് ദൗത്യത്തിന് ആവശ്യമായ ലാൻഡർ റഷ്യ നിർമ്മിച്ചു നൽകും. ഓർബിറ്ററും റോവറും ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുക്കണം.
2008 സെപ്തംബർ 18
ചന്ദ്രയാൻ ദൗത്യത്തിനുള്ള ഇന്ത്യ- റഷ്യ സംയുക്ത കരാറിന് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അധ്യക്ഷത വഹിച്ച മന്ത്രിസഭായോഗം അംഗീകാരം നൽകുന്നു.
2009 ആഗസ്റ്റ്
ഇരു രാജ്യങ്ങളിലെയും ബഹിരാകാശ ശാസ്ത്രജ്ഞർ ചേർന്ന് ചന്ദ്രയാൻ ദൗത്യത്തിന്റെ പ്രോജക്ട് ഡിസൈൻ തയ്യാറാക്കുന്നു. ഓർബിറ്ററിന്റെയും റോവറിന്റെയും ഗവേഷണ- രൂപകല്പനാ ഘട്ടങ്ങൾ ഐ.എസ്.ആർ.ഒ പൂർത്തിയാക്കുന്നു.
2013 ജനുവരി
റഷ്യയ്ക്ക് നിശ്ചിത കാലയളവിനകം ലാൻഡറിന്റെ രൂപകല്പന നിർവഹിക്കാനായില്ല. ചൊവ്വാ ദൗത്യമായ ഫോബോസിനു നേരിട്ട പരാജയമാണ് റഷ്യയ്ക്ക് തിരിച്ചടിയായത്. ചൊവ്വാ ദൗത്യത്തിന് ഉപയോഗിച്ച ചില സാങ്കേതികവിദ്യകൾ ചന്ദ്രയാൻ ദൗത്യത്തിനും ഉപയോഗിക്കാനായിരുന്നു റഷ്യയുടെ പദ്ധതി.
2015
ഇനിയും കാത്തിരുന്നാൽപ്പോലും തങ്ങൾക്ക് കരാർ പാലിക്കാൻ കഴിയില്ലെന്ന് റോസ്കോസ്‌മോസ് ഔദ്യോഗികമായി ഇന്ത്യയെ അറിയിക്കുന്നു. റഷ്യ നിർമ്മിച്ചു നൽകാമെന്ന് ഏറ്റിരുന്ന ലാൻഡർ കൂടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ചാന്ദ്രയാൻ- 2 ദൗത്യം ഒറ്റയ്ക്കു നിർവഹിക്കാൻ ഇന്ത്യ തീരുമാനിക്കുന്നു.
2018 മാർച്ച്
ചാന്ദ്രയാൻ- 2 ദൗത്യത്തിനു നിശ്ചയിച്ചിരുന്ന തീയതി ആവർത്തിച്ച് നീട്ടിവയ്ക്കേണ്ടി വരുന്നു. കൂടുതൽ പരീക്ഷണ ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുകൊണ്ടും, പിഴവുകളില്ലെന്ന് ഉറപ്പാക്കാനും ആദ്യം ഏപ്രിലിലേക്കും പിന്നീട് ഒക്ടോബറിലേക്കും വിക്ഷേപണ തീയതികൾ മാറ്റുന്നു.
2019 ജൂലായ് 15
ചന്ദ്രയാൻ-2 ചാന്ദ്രപര്യവേഷണ പേടകവുമായി കുതിച്ചുയരാൻ ജി.എസ്.എൽ.വി മാർക് ത്രീ റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ തയ്യാറായി നിൽക്കുന്നു. കൗണ്ട് ഡൗൺ അവസാനിക്കാൻ ഒരു മണിക്കൂറോളം മാത്രം ബാക്കിയുള്ളപ്പോൾ റോക്കറ്റിന്റെ ഇന്ധന ടാങ്കിൽ കണ്ടെത്തിയ സാങ്കേതിക തകരാർ കാരണം വിക്ഷേപണം നീട്ടിവയ്ക്കാൻ ഐ.എസ്.ആർ.ഒ തീരുമാനിക്കുന്നു.
2019 ജൂലായ് 18
മാറ്റിവച്ച വിക്ഷേപണം ജൂലായ് 22 ന് ഉച്ച കഴിഞ്ഞ് 2.43 ന് നടത്തുമെന്ന് ഐ.എസ്.ആർ.ഒ പ്രഖ്യാപിക്കുന്നു. പിഴവുകൾ പൂർണമായും പരിഹരിച്ചതായും, ജി.എസ്.എൽ.വി മാർക് ത്രീ പൂർണ സജ്ജമെന്നും ശാസ്ത്രജ്ഞർ.