ടെഹ്‌റാൻ : ഇറാന്റെ മത്സ്യബന്ധന ബോട്ടിലിടിച്ചെന്നാരോപിച്ച് 18 ഇന്ത്യക്കാരുൾപ്പെടെ 23 ജീവനക്കാരുമായി ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ ''സ്റ്റെനാ ഇംപേരോ'യിൽ ആധിപത്യം സ്ഥാപിച്ച് ഇറാൻ. ഇന്നലെ കപ്പലിൽ ഇറാൻ പതാക ഉയർത്തി. കപ്പലിന് ചുറ്റും ഇറാന്റെ ഇസ്ളാമിക് റവല്യൂഷണറി ഗാർഡിന്റെ ബോട്ടുകൾ റോന്തു ചുറ്റുന്നതായാണ് വിവരം. ഇക്കാര്യങ്ങൾ ഉൾപ്പെടെ കപ്പൽ കിടക്കുന്ന ബന്ദർ അബ്ബാസ് തുറുമുഖത്തിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ഇറാൻ ടി.വി പുറത്തുവിട്ടു.
കപ്പലിലെ ജീവനക്കാരെ നേരിൽ കാണാൻ അനുവദിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടതായി സ്റ്റെനാ ഇംപേരോ കപ്പൽ കമ്പനി അധികൃതർ പറഞ്ഞു. ഇതുവരെ അനുമതി ലഭിച്ചില്ല. ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവർ വ്യക്തമാക്കി.
18 ഇന്ത്യക്കാർക്ക് പുറമേ റഷ്യൻ, ലാത്വിയൻ, ഫിലിപ്പിനോ എന്നീ രാജ്യങ്ങളിലുള്ളവരാണ് കപ്പലിലുള്ളത്.
അന്താരാഷ്ട്ര സമുദ്ര നിയമം ലംഘിച്ചെന്നാരോപിച്ചാണ് വെള്ളിയാഴ്ച സ്റ്റെനാ ഇംപേരോ ഇറാൻ പിടിച്ചെടുത്തത്. എന്നാൽ ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗൺസിലിന് അയച്ച കത്തിൽ ബ്രിട്ടൻ ഇക്കാര്യം നിഷേധിച്ചു. കപ്പൽ നിയമങ്ങളൊന്നും തെറ്റിച്ചിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മലയാളികൾ സുരക്ഷിതർ
ഇൻഷുറൻസ് കമ്പനി ബന്ദർ അബ്ബാസ് തുറമുഖവുമായി ബന്ധപ്പെടുന്നുണ്ടെന്നും കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും കപ്പൽ കമ്പനിയുടെ മുംബയ് ഓഫീസ് ജീവനക്കാരുടെ ബന്ധുക്കളെ അറിയിച്ചു. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചൻ ഉൾപ്പെടെ മൂന്നു മലയാളികൾ കപ്പലിലുണ്ടെന്നാണ് വിവരം. എന്നാൽ മറ്റ് രണ്ടുപേരുടെ കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവർ ഇപ്പോഴും കപ്പലിലുണ്ടോ അതോ ഇറാൻ പിടികൂടും മുമ്പ് മറ്റേതെങ്കിലും തുറമുഖത്ത് ഇറങ്ങിയിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
ശ്രമം തുടരുന്നു: കേന്ദ്രമന്ത്രി
ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നേരത്തേ തുടങ്ങിയതായും ടെഹ്‌റാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം നിരന്തരമായി ഇറാൻ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്നും
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. പുനരധിവാസത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ജയശങ്കർ ട്വീറ്റ് ചെയ്തു.
മോചന നടപടികളുമായി ബ്രിട്ടൻ
അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണയോടെ രാജ്യാന്തര തലത്തിൽ ഇറാനുമേൽ സമ്മർദ്ദം ചെലുത്തി കപ്പൽ ജീവനക്കാരെ തിരികെയെത്തിക്കാൻ ബ്രിട്ടൻ നീക്കം തുടങ്ങി. പ്രശ്ന പരിഹാരത്തിന് കാവൽ പ്രധാനമന്ത്രി തെരേസ മേ ഇന്നലെ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.
ക്വോട്ട്
''ജീവനക്കാർക്ക് മുറിവേറ്റിട്ടില്ല. അവരുടെ ജീവന് ആപത്തൊന്നുമില്ല. ബ്രിട്ടീഷ്, സ്വീഡിഷ് സർക്കാർ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ട്. എത്രയും വേഗം അവർക്ക് ബന്ധുക്കളുമായി ബന്ധപ്പെടാനാകുമെന്നാണ് പ്രതീക്ഷ"-
എറിക് ഹാനെൽ,
സ്റ്റെനാ ഇംപേരോ കപ്പൽ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ്