വിക്രം സാരാഭായ്
ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവ്. വ്യവസായ കുടുംബത്തിൽ പിറന്ന വിക്രം സാരാഭായിക്ക് ബഹിരാകാശ വിഷയങ്ങളിലായിരുന്നു കൂടുതൽ താത്പര്യം. 1947-ൽ അമഹമ്മദാബാദിലെ വസതിയായ റിട്രീറ്റിൽ ഫിസിക്കൽ റിസർച്ച് ലബോറട്ടറി ആരംഭിച്ചുകൊണ്ടായിരുന്നു വിക്രമിന്റെ തുടക്കം. കോസ്മിക് രശ്മികളെക്കുറിച്ചും ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറത്തെ അവസ്ഥയെക്കുറിച്ചുമുള്ള പഠനങ്ങളായിരുന്നു ആദ്യം.
ഇന്ത്യയ്ക്ക് സ്വന്തം ബഹിരാകാശ പേടകമെന്ന് ആദ്യം സ്വപ്നം കണ്ടത് വിക്രം സാരാഭായ് ആണ്. അതിനായുള്ള പ്രോജക്ടിന് 1975-ൽ രൂപം നൽകി. ആദ്യ ഇന്ത്യൻ ബഹിരാകാശ വാഹനമായ ആര്യഭട്ടയുടെ ശില്പിയാണ് സാരാഭായ്. 1975 ഏപ്രിൽ 19 ന് റഷ്യൻ സ്പേസ് സെന്റർ ആയ കപുസ്‌ടിൻ യാറിൽ നിന്ന് റഷ്യയുടെ തന്നെ കോസ്മോസ് 3എം റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. വിക്രം സാരാഭായിക്ക് 1966 ൽ പദ്മഭൂഷണും 1972 ൽ മരണാനന്തര ബഹുമതിയായി പദ്മവിഭൂഷണും. 1971 ഡിസംബർ 30-ന് ആയിരുന്നു മരണം.
ഡോ. കെ. ശിവൻ
ചെയർമാൻ. ഐ.എസ്.ആർ.ഒ
മുഴുവൻ പേര് കൈലാസവടിവൂ ശിവൻ. 62 വയസ്സ്. ജനനം തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ. 1980 ൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് ഏറോനോട്ടിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി. ബംഗളൂരുവിലെ ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് ഏറോസ്‌പേസ് എൻജിനിയറിംഗിൽ മാസ്റ്റർ ബിരുദം. അതിനു ശേഷം മുംബയ് ഐ.ഐ.ടിയിൽ നിന്ന് അതേ വിഷയത്തിൽ ഡോക്ടറേറ്റ് നേടി 1982 ൽ ഐ.എസ്.ആർ.ഒയിൽ ചേർന്നു. പി.എസ്.എൽ.വി പ്രോജക്ടിൽ ആദ്യ ദൗത്യം. ഐ.എസ്.ആർ.ഒയുടെ എല്ലാ വിക്ഷേപണ ദൗത്യങ്ങളുടെയും നട്ടെല്ലായ 6ഡി ട്രാജക്ടറി സിമുലേഷൻ സോഫ്ട്‌വെയർ ആയ സിതാരയുടെ ചീഫ് ആർക്കിടെക്ട്. വിക്രം സാരാഭായ് സ്‌പേസ് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സെന്റർ എന്നിവയുടെ ഡയറക്ടർ ആയിരുന്നു.
എം. വനിത
പ്രോജക്ട് ഡയറക്ടർ
നേച്ചർ മാഗസിൻ ഈ വർഷത്തെ മികച്ച ബഹിരാകാശ ശാസ്ത്രജ്ഞയായി തിരഞ്ഞെടുത്തു. 2006 ൽ ബെസ്റ്റ് വിമൻ സയന്റിസ്റ്റ് പുരസ്‌കാരം. ചന്ദ്രയാൻ- 2 പ്രോജക്ട് ഡയറക്ടർ ആകുന്നതിനു മുമ്പ് ഐ.എസ്.ആർ.ഒ സാറ്റലൈറ്റ് സെന്ററിൽ ഡിജിറ്റൽ സിസ്റ്റംസ് ഗ്രൂപ്പിൽ ടെലിമെട്രി ആൻഡ് ടെലികമാൻഡ് ഡിവിഷൻ മേധാവി. കാർട്ടോസാറ്റ്- 1 ടി.ടി.സി ബേസ്ബാൻഡ് സിസ്റ്റംസിൽ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ. ഓഷൻസാറ്റ്- 2 ഡിജിറ്റൽ സിസ്റ്റംസ് ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ.
റിതു കരിധൽ
മിഷൻ ഡയറക്ടർ
ഇന്ത്യയുടെ റോക്കറ്റ് വനിതയെന്ന് വിശേഷണം. ലക്‌നൗവിൽ ജനനം. 1997 ൽ ഐ.എസ്.ആർ.ഒയിൽ ചേർന്നു. 2007 ൽ അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിൽ നിന്ന് മികച്ച യുവ ശാസ്ത്രജ്ഞയ്ക്കുള്ള ബഹുമതി ഏറ്റുവാങ്ങി. ഇന്ത്യയുടെ മംഗൾയാൻ- ചൊവ്വാ പര്യവേഷണ ദൗത്യത്തിന്റെ ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടർ. പത്തു മാസത്തിനുള്ളിൽ, 450 കോടി രൂപ മാത്രം ചെലവിൽ മംഗൾയാൻ ദൗത്യം വിജയകരമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.