തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാദ്ധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അൻപതു കിലോമീറ്റർ വരെവേഗത്തിൽ കാറ്റു വീശാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും, മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ട്.
കനത്ത് മഴയിലും കാറ്റിലും കാസർകോഡ് വെള്ളരിക്കുണ്ട് കനകപ്പള്ളിയിൽ വീടിനു മുകളിൽ മരംവീണ് മൂന്നുപേർക്ക് പരിക്കേറ്റു. കാസർകോഡ് കാക്കടവ് ചെക്ക്ഡാമിന് സമീപത്തെ പാർശ്വഭിത്തി തകർന്നു. പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകളും ഉയർത്തി. ആലപ്പുഴയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നവരുടെ എണ്ണം 225 ആയി. കടൽക്ഷോഭം രൂക്ഷമായ ആറാട്ടുപുഴയിലും കാട്ടൂരുമാണ് ക്യാംപുകൾ തുറന്നത്.