ksu

ത്രിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ സമരം നടത്തുന്ന കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരവേദിക്കും കെ.എസ്.യു പ്രവർത്തകർക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്തു. കെ.എസ്.യു നടത്തുന്ന സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയാണ് ലാത്തിച്ചാർജ് ഉണ്ടായത്. പ്രവർത്തകരും പൊലീസും മുഖാമുഖം ഏറ്റുമുട്ടി. നിരാഹാരമനുഷ്ഠിച്ചിരുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി.

യൂത്ത്കോണ്‍ഗ്രസ് മാർച്ച് 12.30 സെക്രട്ടറിയേറ്റിനു മുന്നിലെത്തി. ഡീന്‍ കുര്യാക്കോസിന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ബാരിക്കേഡ് തകർത്ത് മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവർത്തകർ കുപ്പികളും മരക്കഷ്ണങ്ങളും കല്ലുകളും വലിച്ചെറിഞ്ഞു.തുടർന്ന് പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു

സംഘർഷത്തിൽ പൊലീസുകാരും മാദ്ധ്യമപ്രവര്‍ത്തകരും ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. ഇതിനിടയിൽ കെ.എം.അഭിജിത്തുൾപ്പെടെയുള്ള നേതാക്കളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കെ.എസ്.യു സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. പി എസ് സി ആസ്ഥാനത്തിനു മുന്നിൽ യൂത്ത്കോൺഗ്രസ് രാപകൽ സമരം തുടങ്ങുമെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു