ശ്രീനഗർ: നിഷ്‌കളങ്കരായ ജനങ്ങളെ കൊന്നൊടുക്കുന്നതിന് പകരം അഴിമതിയും ജനവഞ്ചനയും നടത്തുന്ന രാഷ്ട്രീയപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും കൊല്ലാൻ ഭീകരരോട് ആഹ്വാനം ചെയ്ത ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക് ഖേദം പ്രകടിപ്പിച്ചു.
പ്രസ്താവന വിവാദത്തിലായതോടെ പലഭാഗത്തുനിന്നും മാലിക്കിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
'ഗവർണറെന്ന നിലയിൽ പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. അഴിമതി കണ്ട് മനംമടുത്തപ്പോൾ മനസിൽ തോന്നിയതാണ് പുറത്തുവന്നത്. ഖേദകരമായിപ്പോയി.' മാലിക് പറഞ്ഞു.
'കാശ്മീരിന്റെ സമ്പത്ത് കൊള്ളയടിച്ചവരെയാണ് നിങ്ങൾ ശത്രുക്കളായി കാണേണ്ടത്. അത്തരക്കാരെയാരെയെങ്കിലും നിങ്ങൾ കൊന്നിട്ടുണ്ടോ? ' എന്നായിരുന്നു പ്രസംഗത്തിനിടെ മാലിക് ചോദിച്ചത്. പൊതുമുതൽ കട്ടെടുത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആസ്തികൾ വാങ്ങിക്കൂട്ടി സമ്പന്നരാകുന്നതിനാലാണ് കാശ്മീരിലെ നേതാക്കൾക്ക് പൊതുജനസമ്മതി കുറയുന്നതെന്നും ഇത്തരം പ്രവൃത്തികൾ കാരണം സാധാരണക്കാർ ദുരിതമനുഭവിക്കുന്നുവെന്നും മാലിക് കൂട്ടിച്ചേർത്തു.
എന്നാൽ ഭീകരരോട് ഇത്തരത്തിൽ ആവശ്യമുന്നയിച്ച മാലിക്കിനെതിരെ പ്രമുഖരുൾപ്പെടെയുള്ളവർ രംഗത്തെത്തി. മുൻ ജമ്മുകാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഗവർണർക്കെതിരെ രൂക്ഷവിമർശനമുയർത്തി. ജമ്മു കാശ്മീരിലെ ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെട്ടാൽ അത് ഗവർണറുടെ പ്രേരണയാൽ ആണെന്ന് ഓർമയുണ്ടാകണമെന്ന് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.