ബംഗളൂരു: കർണാടകയിൽ കുമാരസ്വാമി സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിനെച്ചൊല്ലിയുള്ള അനിശ്ചിതത്വത്തിനും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ബഹളത്തിനുമൊടുവിൽ ഇന്നലെ അർദ്ധരാത്രിയോടെ നിയമസഭ പിരിഞ്ഞു.
ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക സ്പീക്കർ കെ.ആർ. രമേശ് കുമാർ വ്യക്തമാക്കി. വൈകിട്ട് നാല് മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാക്കുമെന്നും സ്പീക്കർ അറിയിച്ചു. രാവിലെ 11ന് സഭ ചേരും.
ഇന്നലെ അർദ്ധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് ശക്തമായി എതിർത്തു. വേണമെങ്കിൽ നടപടികൾക്കായി താൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സഭ പിരിയാൻ തീരുമാനമെടുക്കുകയായിരുന്നു.
ചർച്ച പൂർത്തിയാക്കി ബുധനാഴ്ച വോട്ടെടുപ്പ് നടത്താമെന്ന മുഖ്യമന്ത്രി കുമാരസ്വാമിയുടെയും കോൺഗ്രസിന്റെയും നിർദ്ദേശം തള്ളിയ സ്പീക്കർ എത്രവൈകിയാലും ഇന്നലെ രാത്രിതന്നെ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിൽ ഉറച്ചുനിന്നെങ്കിലും ഒടുവിൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വോട്ടെടുപ്പ് ഇന്ന് നടത്താമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും നിർദ്ദേശിച്ചിരുന്നു. അനിശ്ചിതത്വം നീണ്ടതിനിടെ രാത്രി മുഖ്യമന്ത്രിയെ കണ്ട്് സ്പീക്കർ, ഇങ്ങനെയാണെങ്കിൽ താൻ രാജിവച്ചൊഴിയുന്നതാണ് നല്ലതെന്ന് നിലപാടെടുത്തു. രാജിക്കത്ത് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയതായും പറയുന്നു.വിശ്വാസവോട്ടെടുപ്പിന് മുമ്പായി മുഖ്യമന്ത്രി കുമാരസ്വാമി വൈകിട്ട് ഏഴിന് ഗവർണറെ കണ്ട് രാജി സമർപ്പിക്കുമെന്ന് അഭ്യൂഹം പരന്നെങ്കിലും കോൺഗ്രസും സ്പീക്കറും ഇത് നിഷേധിച്ചു.അതേസമയം, കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും വിമത എം.എൽ.എമാരോട് ഇന്ന് രാവിലെ 11ന് മുമ്പ് നേരിട്ട് ഹാജരാകാണമെന്നും അല്ലാത്തപക്ഷം അയോഗ്യരാക്കുമെന്നും നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. വിധാൻ സൗധയിൽ നിയമസഭാ സമ്മേളനത്തിനിടെ തങ്ങളുടെ വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും നിയമസഭാ കക്ഷിനേതാക്കൻമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ എം.എൽ.എമാർക്ക് നോട്ടീസ് അയച്ചത്.
അതിനിടെ, കുമാരസ്വാമി സർക്കാർ ഇന്നലെ വൈകിട്ട് 5ന് മുൻപ് വിശ്വാസവോട്ട് തേടാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് , സർക്കാരിന് പിന്തുണ പിൻവലിച്ച രണ്ട് സ്വതന്ത്ര എം.എൽ.എമാർ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹർജി ഉടൻ കേൾക്കണമെന്ന ആവശ്യം മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഇന്നലെ രാവിലെ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് മുൻപാകെ ഉന്നയിച്ചെങ്കിലും അംഗീകരിച്ചില്ല. ഹർജി ഇന്ന് പരിഗണിച്ചേക്കും.
മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിൽ സഭയിൽ ചർച്ച തുടരവെയാണ് മുൻമന്ത്രിമാർ കൂടിയായ എച്ച്. നാഗേഷ്, ആർ. ശങ്കർ എന്നിവർ കോടതിയിലെത്തിയത്. വോട്ടെടുപ്പ് വൈകിച്ച് ഭൂരിപക്ഷമില്ലാത്ത സർക്കാരിനെ അധികാരത്തിൽ തുടരാൻ അനുവദിക്കുകയാണെന്നും ഇന്നലെ തന്നെ വോട്ടെടുപ്പ് നടത്താൻ നിർദ്ദേശിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. രാജി നൽകിയ 15 എം.എൽ.എമാരെ സഭയിലെത്താൻ നിർബന്ധിക്കരുതെന്ന് നിർദ്ദേശിക്കുന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തത തേടി ജെ.ഡി.എസും കോൺഗ്രസും ഹർജി നൽകിയിട്ടുണ്ട്. ഇവയും ഇന്ന് പരിഗണിച്ചേക്കും.
എന്നെ ബലിയാടാക്കരുത്
'എല്ലാവരും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താമെന്ന് ഞാൻ വാക്കുകൊടുത്തതാണ്. ഇന്ന് ആറുമണിക്ക് മുമ്പ് വോട്ടിംഗ് നടക്കണം. എന്നെ ബലിയാടക്കരുത്'- ഇന്നലെ നിയമസഭാസമ്മേളനത്തിനിടെ സ്പീക്കർ കെ.ആർ. രമേശ്കുമാർ വ്യക്തമാക്കി. എന്തുവിലകൊടുത്തും ഇന്നലെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കർ നിർബന്ധം പിടിച്ചെങ്കിലും രാത്രി വൈകുവോളം ഫലമുണ്ടായില്ല. സമ്മേളനം തുടരുകയാണ്. വെള്ളിയാഴ്ച തന്നെ വോട്ടിംഗ് നടത്താൻ ഗവർണർ സ്പീക്കറോട് നിർദ്ദേശിച്ചെങ്കിലും പാലിക്കാനായില്ല.