chandrayan

ഐ.എസ്.ആർ.ഒ ഇതുവരെ ഏറ്റെടുത്തിട്ടുള്ള ഏറ്റവും സങ്കീർണമായ ദൗത്യമാണ് ചന്ദ്രയാൻ- 2. നാല്പത്തിയെട്ടു ദിവസങ്ങൾക്കപ്പുറം,​ ചന്ദ്രന്റെ ഭ്രമണപഥത്തിൽ കറങ്ങുന്ന ഓർബിറ്ററിൽ നിന്ന് ദക്ഷിണ ധ്രുവനിശ്ശബ്ദതയിലേക്ക് ലാൻഡർ സോഫ്ട് ലാൻഡ് ചെയ്യുന്ന നിമിഷം! ആ ചരിത്ര നിമിഷത്തിനായാണ് ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞർ ഉത്കണ്ഠയോടെ കാത്തിരിക്കുന്നത്. ദൗത്യത്തിലെ ഏറ്റവും സങ്കീർണമായ ഘട്ടവും ഇതുതന്നെ. അതോടെ,​ ചന്ദ്രന്റെ ദക്ഷിണ ധ്രുവം കാണുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്കു സ്വന്തം. ഒപ്പം,​ ചന്ദ്രോപരിതലത്തിൽ സോഫ്ട് ലാൻഡ് ചെയ്യുന്ന നാലാമത് രാജ്യവും (റഷ്യ,​ അമേരിക്ക,​ ചൈന എന്നിവയ്ക്കു ശേഷം)​

ഭൂമിയെ വലംവച്ച്

ചന്ദ്രനിലേക്കുള്ള 3.84 ലക്ഷം കിലോമീറ്റർ ദൂരം ഒറ്റയടിക്ക് മറികടക്കുകയല്ല ചന്ദ്രയാൻ ചെയ്യുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിൽ 23 ദിവസത്തെയും,​ ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഏഴു ദിവസത്തെയും പ്രദക്ഷിണം. നേരത്തേ,​ 54 ദിവസമെന്ന് നിശ്ചയിച്ചിരുന്ന യാത്രാകാലം പിന്നീട് 48 ദിവസമായി ചുരുക്കുകയായിരുന്നു. ഒരു തവണ വിക്ഷേപണം മാറ്റിവയ്ക്കേണ്ടതുകൊണ്ട് ദൗത്യത്തിന് കാലതാമസം വരികയില്ലെന്ന് അർത്ഥം. സെപ്തംബർ 6.7 തീയതികളിലൊന്നിലാകും,​ ലാൻഡറും റോവറും ചന്ദ്രോപരിതലത്തെ ചുംബിക്കുക.

ദ്രവ ഇന്ധനം ഉപയോഗിച്ചു കുതിക്കുന്ന ജി.എസ്.എൽ.വി 110 സെക്കൻഡ് കൊണ്ട് 43.93 കിലോമീറ്റർ ഉയരത്തിലും,​ ഖര ഇന്ധനം ഉപയോഗിക്കുന്ന രണ്ടാം ഘട്ടത്തിൽ 131 സെക്കൻഡു കൊണ്ട് 61.99 കിലോമീറ്റർ ഉയരത്തിലുമാണ് എത്തിയത്. 170 കിലോമീറ്റർ ഉയരത്തിൽ ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ഭാഗം റോക്കറ്റിൽ നിന്ന് വേർപെടും. ക്രയോജനിക് ഘട്ടത്തിലാണ് റോക്കറ്റിന്റെ തലപ്പത്തെ പാളികൾ തുറക്കപ്പെടുക. ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ചാന്ദ്രപേടകത്തെ ഉയർത്തുന്നത് ക്രയോജനിക് ഇന്ധനം ഉപയോഗിച്ചാണ്. 181.65 കിലോമീറ്റർ ഉയരത്തിൽ ചന്ദ്രയാൻ റോക്കറ്റിൽ നിന്നു വേർപെട്ട് സ്വതന്ത്രമാകും. ബാക്കി യാത്ര തനിയെ.

യഥാർത്ഥ ദൗത്യം

ഇരുപത്തിമൂന്നാം ദിവസം മുതലാണ് യഥാർത്ഥ ദൗത്യം ആരംഭിക്കുക. ഭൂമിയുടെ ഭ്രമണപഥത്തിലുള്ള ചന്ദ്രയാൻ പേടകത്തെ ഈ ഘട്ടത്തിലാണ് പേടകത്തെ ചന്ദ്രനിലേക്കു തിരിക്കുന്നത്.23 ദിവസം ഭൂമിയെ ഭ്രമണം ചെയ്യുന്ന പേടകം അവിടെ നിന്ന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രയാണം തുടങ്ങും. നാല്പത്തിമൂന്നാം ദിവസം ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപെടും. ഇതിന് പതിനഞ്ച് മിനിട്ട് മതി. ഗർത്തങ്ങളോ പാറക്കഷണങ്ങളോ ഇല്ലാതെ സുരക്ഷിതമായ ഒരിടത്ത് കാലുറപ്പിക്കാൻ സെൻസറുകൾ സഹായിക്കും. ലാൻഡർ നിലത്തിറങ്ങിക്കഴിഞ്ഞാൽ,​ അടുത്ത നാലര മണിക്കൂർ കൊണ്ട് പതിയെപ്പതിയെയാണ്,​ ലാൻഡറിൽ നിന്ന് നീണ്ടു വരുന്ന റാംപിലൂടെ കഥാനായകനായ പര്യവേഷണ വാഹനം (റോവർ)​ ചന്ദ്രനിലേക്ക് ആറു ചക്രങ്ങളിൽ ഉരുണ്ടിറങ്ങുക.

ആദ്യ ചിത്രം കാത്ത്

ഓ‌ർബിറ്ററിലും ലാൻഡറിലും റോവറിലുമായി ആകെയുള്ളത് 14 ഉപകരണങ്ങൾ- ഓ‌ർബിറ്ററിൽ എട്ട്,​ ലാൻഡറിൽ നാല്,​ റോവറിൽ രണ്ട് എന്നിങ്ങനെ. എല്ലാം ഐ.എസ്.ആർ.ഒ സ്വന്തമായി വികസിപ്പിച്ചെടുത്തത്. റോവറിന്റെ ആദ്യ ജോലി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രങ്ങൾ ഭൂമിക്കു സമ്മാനിക്കുകയാണ്. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ആ ചിത്രങ്ങൾ റോവറിൽ നിന്ന് ലാൻഡറിലേക്കും പിന്നീട് ഓർബിറ്ററിലേക്കും കൈമാറും. ഓർബിറ്ററിൽ നിന്ന് ആ അപൂർവ ചിത്രങ്ങൾ അപ്പോൾത്തന്നെ ഐ.എസ്.ആർ.ഒയുടെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റിയിലെത്തും.