നൈജീരിയ: പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വിമാനത്തിന്റെ ചിറകിൽ കയറി യുവാവിന്റെ സാഹസിക പ്രകടനം. ലാഗോസിൽ നിന്ന് നൈജീരിയയിലെ പോർട്ട് ഹർകോർട്ടിലേക്കുള്ള അസ്മൻ എയറിന്റെ 737 വിമാനത്തിന്റെ ചിറകിലാണ് യുവാവ് കയറിക്കൂടിയത്. യുവാവിന്റെ പ്രകടനം കണ്ട യാത്രക്കാരിൽ ഒരാൾ വിമാനത്തിനുള്ളിൽ നിന്നും ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
വിമാനം ടേക്ക് ഓഫ് ചെയ്യാൻ നിമിഷങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് വിമാനത്തിന്റെ ചിറകിന് മുകളിൽ യാത്രക്കാർ യുവാവിനെ കണ്ടത്. യാത്രക്കാർ ഉടൻതന്നെ കാബിൻ ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ വലിയ അപകടം ഒഴിവായി. വിമാനത്തിന്റെ ചിറകിൽ പിടിച്ചിരുന്ന് യാത്ര ചെയ്യാനായിരുന്നു ഇയാളുടെ ശ്രമമെന്ന് എയർപോർട്ട് അധികൃതർ പിന്നീട് അറിയിച്ചു.യുവാവിന്റെ ബാഗ് വിമാനത്തിന്റെ എൻജിന് സമീപത്ത് നിന്നും ലഭിച്ചു. എന്നാൽ ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നും റിപ്പോർട്ടുണ്ട്.