കണ്ണൂർ: തലശ്ശേരി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പലിന് നേരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പത്ത് എ.ബി.വി.പി പ്രവർത്തകർക്കെതിരെ കേസെടുത്തു. പ്രിൻസിപ്പൽ ഫൽഗുനന്റെ പരാതിയിൽ ധർമ്മടം പൊലീസാണ് കേസെടുത്തത്. കോളേജിൽ എ.ബി.വി.പിയുടെ കൊടിമരം നാട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‍നത്തിന്റെ പേരിലാണ് ഭീഷണിയെന്നാണ് പരാതി.
കാമ്പസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തിൽ എ.ബി.വി.പി പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തുന്നതായി നേരത്തേ പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു. മരണഭയമുണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും വ്യാഴാഴ്ച പ്രിൻസിപ്പൽ പറഞ്ഞിരുന്നു. കാമ്പസിലെ എ.ബി.വി.പിയുടെ കൊടിമരം പ്രിൻസിപ്പൽ നീക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. കൊടിമരം കാമ്പസിന് പുറത്തെത്തിച്ച് തിരികെ നടന്നുവരുന്ന പ്രിൻസിപ്പാലിനെ വിദ്യാർത്ഥികൾ സ്വീകരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു.