ബെംഗളൂരു: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ അഭ്യർത്ഥന സ്പീക്കർ നിരസിച്ചു. വിശ്വാസ പ്രമേയത്തിലുള്ള നടപടികൾ തിങ്കളാഴ്ച പൂർത്തിയാക്കുമെന്ന് സ്പീക്കർ കെ.ആർ.രമേശ് കുമാറിന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കെ.പി.സി.സി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു എന്നിവർ സ്പീക്കർ കെ.ആർ രമേശ് കുമാറിനെ അനൗദ്യോഗികമായി കണ്ട് സാവകാശം തേടിയതായാണ് റിപോർട്ട്.
തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഗവർണറെ കാണാൻ കുമാരസ്വാമി അനുമതി തേടിയെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ രാജിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. അതേസമയം തിങ്കളാഴ്ച രാത്രിയോടെ സ്പീക്കർ വിശ്വാസ വോട്ടെടുപ്പ് നടത്തിയേക്കുമെന്നാണ് വാർത്തകൾ. രാജ്യം നിങ്ങളെ ഉറ്റുനോക്കുന്നുണ്ടെന്നും തന്നെ ബലിയാടാക്കരുതെന്ന് അഭ്യർത്ഥിച്ചായിരുന്നു സ്പീക്കര്‍ രമേശ് കുമാർ ചർച്ച ആരംഭിക്കുന്നതായി അറിയിച്ചത്.
വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ചത്തേക്കു നീട്ടിവെയ്ക്കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും സ്പീക്കർ അംഗീകരിക്കാത്തതിനെത്തുടർന്ന് ചർച്ചയിൽ കോണ്‍ഗ്രസ് - ജെ.ഡി.എസ് എം.എൽ.എമാർ ഏറെസമയം സംസാരിച്ചു. ആറുമണിക്കു വിശ്വാസ വോട്ടെടുപ്പ് നടത്തമെന്നായിരുന്നു സ്പീക്കറുടെ നിർദേശമെങ്കിലും ഏറെ നേരം സംസാരിച്ച് ചർച്ച നീട്ടാൻ ഭരണപക്ഷം ശ്രമിച്ചു.
രാത്രി ഏറെ വൈകിയും വിശ്വാസവോട്ടിനായി സഭയിലിരിക്കാൻ തയാറാണെന്നു സ്പീക്കർ പ്രഖ്യാപിക്കുകയും ചെയ്തു. വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സ്പീക്കർ സഭയിൽപറഞ്ഞു. അത് സഭയുടെയും എം.എൽ.എമാരുടെയും സ്പീക്കറായ തന്റെയും പ്രതിച്ഛായയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 ന് മുൻപ് ഹാജരായില്ലെങ്കിൽ അയോഗ്യരാക്കുമെന്നു അദ്ദേഹം വിമത എംഎല്‍എമാര്‍ക്ക് സ്പീക്കർ നോട്ടിസ് അയച്ചു. .
അതേസമയം തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടിന് നിർദേശിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇന്നത്തെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ് വ്യക്തമാക്കി. തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര എംഎൽഎമാരായ ആർ.ശങ്കറും എച്ച്.നാഗേഷുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബി.ജെ.പിക്കു പിന്തുണ പ്രഖ്യാപിച്ച എംഎൽഎമാരാണ് ഇരുവരും. കഴിഞ്ഞ ആഴ്ച ഗവർണർ നൽകിയ സമയപരിധി സർക്കാരും സ്പീക്കറും മൂന്നു തവണ ലംഘിച്ചതും കോൺഗ്രസ് നേതാക്കൾ ഗവർണറെ ബിജെപി ഏജന്റ് എന്നു വിളിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു സ്വതന്ത്ര എം.എൽ.എമാരുടെ ഹർജി.