ദുബായ്: പാസ്പോർട്ടും തിരിച്ചറിയൽ രേഖയും കാണിക്കാതെ ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാം. യാത്രാ രേഖകളില്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന സ്മാർട്ട് ടണൽ സംവിധാനത്തിലൂടെയാണ് ഇത് നടപ്പാക്കുന്നത്.
സ്മാർട് ടണലിൽ സജ്ജീകരിച്ചിട്ടുള്ള പാതയിലൂടെ ഒരു തവണ നടന്നിറങ്ങിയാൽ എമിഗ്രേഷന്‍ നടപടികൾ പൂർത്തിയാകും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. യാത്രക്കാർ ടണലിലൂടെ നടന്നുനീങ്ങുമ്പോൾ അവിടെയുള്ള കാമറയിൽ ഒന്ന് നോക്കിയാൽ മാത്രം മതി എമിഗ്രേഷൻ പൂർത്തിയാക്കാം. പാസ്പോർട്ടിൽ എക്സിറ്റ് സ്റ്റാമ്പ് പതിക്കുകയോ എമിറേറ്റ്സ് ഐ.ഡി സ്മാർട് സിസ്റ്റത്തിൽ പഞ്ച് ചെയ്യുകയോ വേണ്ട.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രകാരം പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എമിഗ്രേഷൻ സംവിധാനമാണിത്. സ്മാർട്ട് ടണലിലൂടെ നടക്കുമ്പോൾ ബയോമെട്രിക് സംവിധാനം വഴി യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് കമ്പ്യൂട്ടറിൽ വിവരങ്ങൾ ഉറപ്പുവരുത്തും. അതുവഴിയാണ് സ്മാർട്ട് ടണലിലെ നടപടികൾ ഏകോപിപ്പിക്കുന്നത്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി കഴിഞ്ഞ വർഷമാണ് സ്മാർട്ട് ടണൽ സംവിധാനം യാത്രക്കാർക്കായി തുറന്നുകൊടുത്തത്. യു.എ.ഇ നിർമ്മിച്ച ഈ സംവിധാനം ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളിൽ എമിഗ്രേഷന്‍ നടപടികള്‍ സുഗമമാക്കും.
സ്മാർട് ടണൽ വഴി യാത്ര ചെയ്യാൻ ആളുകളുടെ വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിന് അടുത്തുള്ള പവലിയനിലോ കിയോസ്ക്കുകളിലോ രജിസ്ട്രേഷൻ നടത്താം. എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് സ്മാർട് ഗേറ്റുകളിലൂടെ യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ അവർക്ക് നേരിട്ട് സ്മാർട് ടണൽ സംവിധാനത്തിലൂടെ യാത്ര ചെയ്യാം. ചുരുങ്ങിയത് ആറുമാസം വാലിഡിറ്റിയെങ്കിലും ഉള്ള പാസ്പോർട്ടും കൈയിൽ കരുതണം