ബെംഗളുരു: കർണാടക നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് നാടകീയ സംഭവവികാസങ്ങൾ. നിയമസഭ പുലർച്ചെ വരെ തുടരാൻ തയ്യാറാണെന്ന് സ്പീക്കർ രമേശ് കുമാർ അറിയിച്ചു. അതേസമയം 12 മണിവരെ കാത്തിരിക്കാൻ തയ്യാറാണെന്ന് ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പ. പറഞ്ഞു. വോട്ടെടുപ്പിന് ഭരണപക്ഷം കൂടുതൽ സമയം ചോദിച്ചപ്പോൾ ഇന്നുതന്നെ നടത്തണമെന്ന നിലപാടിലാണ് ബി.ജെ.പി.
തിങ്കളാഴ്ച രാത്രി വൈകിയും തുടരുന്ന സഭാ സമ്മേളനം കോൺഗ്രസ്-ജെ.ഡി.എസ്. എം.എൽ.എമാരുടെ ബഹളത്തെ തുടർന്ന് തടസപ്പെട്ടു. പിന്നീട് സഭാ സമ്മേളനം പുനരാരംഭിച്ചെങ്കിലും എം.എൽ.എമാർ ബഹളം തുടര്‍ന്നതോടെ സ്പീക്കർ ഇടപെട്ടു.
ബഹളംവച്ച എം.എൽ.എമാരെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വിശ്വാസവോട്ടെടുപ്പ് വൈകിപ്പിച്ചാൽ താൻ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനിടെ, വിശ്വാസവോട്ടെടുപ്പിനായി തങ്ങൾ അർദ്ധരാത്രി വരെയും കാത്തിരിക്കാമെന്ന് ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പ സഭയെ അറിയിച്ചു. വിശ്വാസവോട്ട് നടത്താമെന്ന് കുമാരസ്വാമി ഉറപ്പുനല്‍കിയതാണെന്നും അർദ്ധരാത്രി 12 മണി വരെ തങ്ങൾ സഭയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ച മണിക്കൂറുകൾ നീളുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.
ഇതിനുശേഷം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സംസാരിക്കാൻ എഴുന്നേറ്റെങ്കിലും എം.എൽ.എമാരുടെ മുദ്രാവാക്യം വിളിയും ബഹളവും തുടർന്നു. ഭരണഘടന സംരക്ഷിക്കുക, നീതി ലഭ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കോൺഗ്രസ്-ജെ.ഡി.എസ്. എം.എൽ.എമാർ സഭയിൽ ഉന്നയിച്ചത്. നേരത്തെ ബഹളത്തെ തുടര്‍ന്ന് സഭ അല്പസമയം നിറുത്തിവെച്ചിരുന്നു. ഇതിനിടെ സ്പീക്കർ കോൺഗ്രസ്, ജെ.ഡി.എസ്. ബി.ജെ.പി. നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തു. ഇതിനുശേഷമാണ് സമ്മേളനം പുനരാരംഭിച്ചത്.