chandrayan

ബെംഗളുരു : ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാൻ - 2 വിജയകരമായി വിക്ഷേപിച്ച ശേഷം ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ തന്റെ സഹപ്രവർത്തകരെ അഭിനന്ദിച്ചു. ഇത് ഇന്ത്യയുടെ ചരിത്രയാത്രയുടെ തുടക്കമാണ്. ഒരാഴ്ച മുമ്പ്, സാങ്കേതിക തകരാർ കണ്ടപ്പോൾ ഐ.എസ്.ആർ.ഒ ടീം മൊത്തം ഒരുമിച്ച് നിന്നു പ്രവർത്തിച്ചു. അടുത്ത 24 മണിക്കൂറിലെ പ്രവർത്തനം അവിശ്വസനീയമായിരുന്നു. വളരെ പെട്ടെന്നു തന്നെ പേടകത്തെ സ്വാഭാവിക നിലയിലേക്ക് തിരികെ കൊണ്ടു വന്നു. സാങ്കേതിക തകരാർ കണ്ടെത്തി. അത് ശരിയാക്കി. എല്ലാം സംഭവിച്ചത് 24 മണിക്കൂറിനുള്ളിലായിരുന്നു. അടുത്ത ദിവസം വേണ്ട എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം പേടകത്തെ മാനേജ്‌മെന്റ് ടീമിന് കൈമാറി ” കെ ശിവൻ പറഞ്ഞു.

അഭിമാനാർഹമായ തിരിച്ചു വരവാണ് ഐ.എസ്.ആർ.ഒ നടത്തിയതെന്നതും ഓരോ വ്യക്തിയും രാത്രി പോലും പ്രവർത്തിച്ചാണ് ഈ വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു.

”അവർ ജോലി ചെയ്തുകൊണ്ടേയിരുന്നു. കുടുംബത്തെ മറന്നു, സ്വന്തം ആഗ്രഹങ്ങൾ ത്യജിച്ചു, നോൺ സ്‌റ്റോപ്പ് മോഡിലായിരുന്നു അവർ. തകരാര്‍ പരിഹരിക്കണമെന്ന് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അവസാന ഏഴ് ദിവസം അവർ വളരെ ആത്മാർത്ഥമായിട്ടാണ് ജോലി ചെയ്തത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോൾ ഇത് സാദ്ധ്യമാക്കിയ എല്ലാവർക്കും സല്യൂട്ട് ചെയ്യുക തന്റെ കർത്തവ്യമാണെന്നും കെ.ശിവൻ പറഞ്ഞു.

അതേസമയം, വിക്ഷേപണം വിജയകരമായി നടത്തിയെങ്കിലും മിഷണ ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും അടുത്ത ഒന്നരമാസം ഏറെ നിർണായകമാണെന്നും സൗത്ത് പോളിന് അരികിൽ പേടകം ഇറങ്ങുന്ന 15 മിനിട്ട് ആശങ്ക നിറഞ്ഞതും നിർണായകവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം കൂടുതൽ മിഷനുകൾ നടപ്പിലാക്കുന്നതിനെ കുറിച്ച് ഐ.എസ്.ആർ.ഒ ചിന്തിക്കുന്നുണ്ടെന്നും അവയെല്ലാം വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.