suicide

ആഗ്ര: കാമുകിയുടെ വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് യുവാവ് ഫേസ്ബുക്ക് ലെെവിൽ വന്ന് ആത്മഹത്യ ചെയ്തു. ആഗ്രയിലെ അഛ്നെര എന്ന സ്ഥലത്താണ് നാടിനെ നടുക്കുന്ന സംഭവം നടന്നത്. 22 കാരനായ ശ്യാം സികർവാർ എന്ന യുവാവാണ് ജീവനൊടുക്കിയത്. ശ്യാമിന്റെ കാമുകിയുടെ വിവാഹം നിശ്ചയിക്കുകയും അതിനെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കുന്നു.

'എനിക്കവളെ വല്ലാതെ മിസ് ചെയ്യുന്നു,​ മറ്റൊരാളുടേതാകുന്നത് കണ്ടുനിൽക്കാനാകില്ല. അവളെ നഷ്ടപ്പെടുന്നതിന്റെ വിഷമം എന്നെ വല്ലാതെ സമ്മർദ്ദത്തിലാക്കി. അക്കാരണത്താൽ തന്നെ എന്റെ ജോലി സ്ഥലത്ത് വച്ച് എനിക്കൊരു അപകടം ഉണ്ടാകുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു.' - ആത്മഹത്യ കുറിപ്പിൽ ശ്യാം കുറിച്ചു. നാല് പേജുകളുള്ള ആത്മഹത്യ കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്. ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിനകത്ത് തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

സ്നേഹിക്കുന്ന പെൺകുട്ടി വിവാഹം ഉറപ്പിക്കുകയും ജോലി നഷ്ടപ്പെടുകയും ചെയ്തത് കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ഫേസ്ബുക്കിലെ ലൈവിൽ മാതാപിതാക്കളോടും സഹോദരന്മാരോടും ശ്യം ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നുണ്ട്. മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നും ശ്യാം പറയുന്നു. മരണ ശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാനും ലെെവിൽ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.