മുംബയ് : സിനിമാ സ്‌റ്റൈലിൽ തന്റെ കൈഞരമ്പ് മുറിച്ച് സീമന്ദരേഖയിൽ കുറിയണിയിച്ചശേഷം കാമുകിയെ യുവാവ് ശ്വാസംമുട്ടിച്ചു കൊന്നു. ശേഷം കാമുകനും ആത്മഹത്യ ചെയ്തു.
21 വയസുള്ള അരുൺഗുപ്ത എന്ന യുവാവാണ് കൈത്തണ്ടയിലെ ഞരമ്പുമുറിച്ച ശേഷം കാമുകിയെ സിന്ദൂരതിലകം അണിയിച്ചത്. വാരണാസിയിൽ പോകുകയാണെന്ന് വീട്ടുകാരോട് കള്ളം പറഞ്ഞശേഷമാണ് കല്യാണിലുള്ള കാമുകിയായ പ്രതിഭയെ കാണാൻ ഇയാൾ എത്തിയത്. തുടർന്ന് സെൽഫിയുമെടുത്തശേഷമാണ് അരുൺ കാമുകിയെ ശ്വാസംമുട്ടിച്ചു കൊന്നത്. ഇതിന് പിന്നാലെ യുവാവ് മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുവരും ഒരു ഗസ്റ്റ്ഹൗസിൽ മുറിയെടുക്കുന്നത്. ഇടയ്ക്ക് വെള്ളം ചോദിക്കാൻ മുറി തുറന്നതല്ലാതെ ഇരുവരും പുറത്തിറങ്ങിയിട്ടില്ല. രാത്രി 9.30ന് അത്താഴം കഴിക്കാൻ ജീവനക്കാരൻ വിളിച്ചിട്ടും വാതിൽ തുറന്നില്ല. അതോടെയാണ് പൊലീസിനെ അറിയിക്കുന്നത്.
മുറി തുറന്നപ്പോൾ പ്രതിഭ മെത്തയിൽ മരിച്ചു കിടക്കുന്നതും അരുൺ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. ഞരമ്പുമുറിക്കാനുപയോഗിച്ച ബ്ലെയ്ഡും കണ്ടെത്തി. ആത്മഹത്യ ചെയ്യാൻ എന്താണ് കാരണമെന്ന് കണ്ടെത്തിയിട്ടില്ല.