എഴുത്തുകാരുടെ ഭാവനാലോകം അതിവിശാലമാണ്. ഒരുപക്ഷേ ശാസ്ത്രജ്ഞർ ചിന്തിക്കുന്നതിനെക്കാളും മുൻപേ പല കണ്ടുപിടിത്തങ്ങളും എഴുതിച്ചേർത്തവരാണ് സാഹിത്യകാരൻമാർ . മനുഷ്യൻ ചന്ദ്രനിലിറങ്ങുന്നതിനെ കുറിച്ച് പറയുന്ന ജൂൾസ് വെർനെയുടെ 1865ൽ പുറത്തിറങ്ങിയ ഫ്രം ദി എർത്ത് റ്റു മൂൺ, വീഡിയോ ഫോൺ എന്ന ആശയം ആദ്യമായി പ്രദർശിപ്പിച്ച 1927 ൽ പുറത്തിറങ്ങിയ മെട്രോപോളിസ് എന്ന സിനിമ, അണുബോബിനെ കുറിച്ച് പ്രവചിക്കുന്ന 1914 വേൾഡ് സെറ്റ് ഫ്രീ എന്ന നോവൽ എന്നിവയെല്ലാം ചില ഉദാഹരണങ്ങളാണ്.
എഴുത്തുകാരുടെ ഭാവനാലോകത്തെ പ്രതിരോധ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ തയ്യാറെടുക്കുകയാണ് ഫ്രഞ്ച് സേന. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഭാവിയിൽ ഉയരാവുന്ന ഭീഷണികൾ എന്തെല്ലാമാണെന്ന് പ്രവചിക്കാൻ ശാസ്ത്ര കഥാകാരന്മാരുടെ സംഘം രൂപീകരിക്കുകയാണ് സേന. റെഡ് ടീം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
സൈനിക നയതന്ത്രജ്ഞർക്ക് ചിന്തിക്കാൻപോലും ആകാത്ത അപകട സാഹചര്യങ്ങൾ മുന്നോട്ടുവെയ്ക്കുകയാണ് കഥാകാരന്മാരുടെ സംഘത്തിന്റെ ചുമതല. അതീവ രഹസ്യമായാണ് ഇവരുടെ പ്രവർത്തനം. ഇവരുടെ പ്രവചനങ്ങളെ അടിസ്ഥാനമാക്കി നൂതന പ്രതിരോധ മുൻകരുതൽ സ്വീകരിക്കുകയാണ് ഫ്രഞ്ച് സേനയുടെ ലക്ഷ്യം.
അഞ്ച് സയൻസ് ഫിക്ഷൻ എഴുത്തുകാരാണ് റെഡ് ടീം എന്ന് പേരിട്ടിരിക്കുന്ന സംഘത്തിലുള്ളത്. സാധാരണ സൈന്യത്തിന്റെ രീതികളിൽ നിന്നും വ്യത്യസ്തമായി ഭാവി ഭീഷണികളെ കുറിച്ചുള്ള കാര്യങ്ങളാണ് ഇവരിൽ നിന്നും പ്രതീക്ഷിക്കുന്നത്.
തീവ്രവാദി സംഘടനകൾക്കും ശത്രുരാജ്യങ്ങൾക്കും അത്യാധുനിക സാങ്കേതിക വിദ്യകൾ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താനാകുമെന്ന് ഇവർ അവതരിപ്പിക്കും.
സയൻസ് ഫിക്ഷൻ കഥകളിലെ പല സംഭവങ്ങളും ഇതിനോടകം യാഥാർത്ഥ്യമായിട്ടുണ്ടെന്നതാണ് കഥാകാരന്മാരുടെ സഹായം തേടാൻ സൈന്യം തീരുമാനിച്ചത്.