വാഷിങ്ടൺ: ചന്ദ്രയാൻ 2ന്റെ വിക്ഷപണ വിജയത്തിൽ ഐ.എസ്.ആർ.ഒയെ അഭിനന്ദിച്ച് നാസ. സോഷ്യൽ മീഡിയയിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് നാസ അഭിനന്ദന സന്ദേശം അറിയിച്ചത്. ഇന്ത്യയുടെ നിർണായക ദൗത്യത്തിൽ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ടെന്ന് നാസ ട്വീറ്റ് ചെയ്തു. നാസയുടെ ഡീപ് സ്‌പേസ് നെറ്റ്‌വർക്ക് വഴി ചന്ദ്രയാന്റെ ഭൂമിയുമായുള്ള ആശയവിനിമയത്തിൽ പിന്തുണ നൽകുന്നുണ്ട്.
ചന്ദ്രനിലേക്കെത്തിക്കാനുള്ള നാസയുടെ ദൗത്യം പ്രകാരം ദക്ഷിണ ധ്രുവത്തിലാണ് ആസ്ട്രോനട്ടുകൾ ഇറങ്ങുക. ഏതാനും വർഷങ്ങൾക്കകം മനുഷ്യരുമായി ചന്ദ്രനിലേക്ക് നാസ നടത്താനിരിക്കുന്ന ആർടിമിസ് ദൗത്യത്തിനും ചന്ദ്രയാനില്‍ നിന്നു ലഭിച്ച വിവരം ഉപകാരപ്രദമാകുമെന്നും നാസ കുറിച്ചു.
ഇന്ന് ഉച്ചയ്ക്ക് 2.43 നാണ് ചന്ദ്രയാൻ വിക്ഷേപിച്ചത്. ചന്ദ്രനെ വലംവയ്ക്കാനുള്ള ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡർ, അവിടെ സഞ്ചരിക്കാനുള്ള റോവർ എന്നിവയും അതിലെ 11 ഉപകരണങ്ങളമുൾപ്പെടെ 3,840 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. പുറപ്പെടാൻ ഒരാഴ്ച വൈകിയെങ്കിലും ചന്ദ്രനിൽ ഇറങ്ങാൻ കാലതാമസമുണ്ടാകില്ല. നേരത്തേ 54 ദിവസം കൊണ്ടാണ് ചന്ദ്രനിൽ എത്താൻ നിശ്ചയിച്ചിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് 48 ദിവസം കൊണ്ട് എത്തും. സെപ്തംബർ 6,7 തീയതികളിൽ ലാൻഡറും റോവറും ചന്ദ്രന്റെ മണ്ണിലിറങ്ങും.