kashmir

വാഷിംഗ്ടൺ: കാശ്‍മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാനുമായി വൈറ്റ് ഹൗസിൽവച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. കാശ്മീർ വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹായം അഭ്യർത്ഥിച്ചതായും മദ്ധ്യസ്ഥനാവുന്നതിൽ സന്തോഷമേയുള്ളൂ എന്നും ട്രംപ് പറഞ്ഞതായി റോയിട്ടേഴ്‍സ് റിപ്പോർട്ട് ചെയ്തു.

എന്നാൽ ട്രപിന്റെ നിർദ്ദേശം ഇന്ത്യ തള്ളി. അമേരിക്കയുടെ മദ്ധ്യസ്ഥത ആവശ്യമില്ലെന്ന് വിദേശകാര്യവക്താവ് അറിയിച്ചു. ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാദ്ധ്യമാകൂവെന്നും പ്രധാനമന്ത്രി ഒരു സഹായവും ആവശ്യപ്പെട്ടില്ലെന്നും വിദേശകാര്യവക്താവ് അറിയിച്ചു.

കാശ്മീരിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും ഇന്ത്യക്കും പാകിസ്ഥാനും ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അമേരിക്കയ്ക്ക് ഇടപെടാൻ കഴിയുമെങ്കിൽ ഇടപെടാമെന്നുമാണ് ട്രംപ് മാദ്ധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. ട്രംപ് പറഞ്ഞത് ശരിയാണോയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കണമെന്നും ട്രംപ് കള്ളം പറയുകയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ജമ്മു കാശ്മീർ നേതാവ് ഒമർ അബ്ദുള്ള പറഞ്ഞു. ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്‍ക്ക് അടിയറവ് വെയ്ക്കുകയാണോയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.