karnataka

ബംഗളൂരു: അർദ്ധരാത്രിവരെ നീണ്ട നാടകീയ സംഭവങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കർണാടക നിയമസഭ

ഇന്നത്തേക്ക് പിരിഞ്ഞു. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സഭ വീണ്ടും ചേരുമെന്നും, ആറ് മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നും സ്പീക്കർ പറഞ്ഞു.

വിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ച തിങ്കളാഴ്ച അർദ്ധരാത്രിയും പൂർത്തിയാക്കാനായില്ല. ചില കോൺഗ്രസ് അംഗങ്ങൾക്ക് കൂടിസംസാരിക്കാനുണ്ടെന്നും ചൊവ്വാഴ്ച വൈകീട്ടോടെ ചർച്ച അവസാനിപ്പിച്ച് വോട്ടെടുപ്പിലേക്ക് കടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോൺഗ്രസ് നേതാവ് സിദ്ധാരാമയ്യ പറഞ്ഞു.


വിമത എം.എൽ.എമാരെ അയോഗ്യരാക്കില്ലെന്നാണ് ബി.ജെ.പി അവരെ വിശ്വസിപ്പിച്ചിരിക്കുന്നതെന്ന് ഡി.കെ.ശിവകുമാർ പറഞ്ഞു. ഭരണഘടന പ്രകാരം സ്പീക്കർ അയോഗ്യത കല്‍പ്പിച്ചാൽ അംഗമായിരിക്കാന്‍ സാധിക്കില്ലെന്നും, സഭയില്‍ ഹാജരാവാൻ ചൊവ്വാഴ്ച രാവിലെ 11 മണി വരെ സ്പീക്കർ വിമത എം.എൽ.എമാർക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും ഡി.കെ.ശിവകുമാർ വ്യക്തമാക്കി.

കോൺഗ്രസ്-ജെ.ഡി.എസ് എം.എൽഎമാരുടെ ബഹളത്തെ തുടർന്ന് രാത്രി വൈകി സഭ പലവട്ടം തടസപ്പെട്ടിരുന്നു. വിശ്വാസവോട്ടെടുപ്പിനായി അർദ്ധരാത്രി വരെ കാത്തിരിക്കാനും തയ്യാറാണെന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പ പറഞ്ഞിരുന്നു,​ വിശ്വാസവോട്ടെടുപ്പ് വൈകിപ്പിച്ചാൽ താൻ രാജിവയ്ക്കുമെന്ന പരാമർശം സ്പീക്കറിൽ നിന്നുമുണ്ടായി.

അതിനിടെ, കർണാടകയിൽ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന വിമത എം.എൽ.എമാരുടെ ഹർജിയിൽ കോൺഗ്രസും സ്പീക്കറും കക്ഷി ചേരുമെന്ന് വ്യക്തമാക്കി. വിമതരുടെ വിപ്പിൽ വ്യക്തത തേടിയാണ് കോൺഗ്രസും സ്പീക്കറും കക്ഷി ചേരുന്നത്.