തിരുവനന്തപുരം: കെ.എസ്.യുവിന്റെ നിരാഹാര സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് തെരുവ് യുദ്ധമായി. പൊലീസും പ്രവർത്തകരും മുഖാമുഖം ഏറ്റുമുട്ടി. സമരവീര്യത്തിൽ തിളച്ചെത്തിയ ഇരുനൂറോളം പ്രവർത്തകരെ ഇരട്ടിയിലേറെ പൊലീസുകാർ നേരിടുകയായിരുന്നു. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റ് നടയിലെത്തിയ സാധാരണക്കാർ പരിഭ്രാന്തരായി ചിതറി ഓടി. ഭരണസിരാകേന്ദ്രത്തിന് മുൻവശം ഒരുമണിക്കൂറോളം യുദ്ധക്കളമായി.
സോഡാക്കുപ്പിയും കല്ലും തുടർച്ചയായി വലിച്ചെറിഞ്ഞ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ഗ്രനേഡും കണ്ണീർവാതക ഷെല്ലുകളും പൊട്ടിച്ചു. ഇതോടെ ചുറ്റും പുകപടർന്നു. പ്രവർത്തകർ പലരും നിലത്തു വീണ് ഛർദ്ദിക്കാൻ തുടങ്ങി. സമീപത്തെ കടകളിലെ ജീവനക്കാർക്ക് പോലും കണ്ണു തുറക്കാൻ കഴിയാത്ത സ്ഥിതി. ലാത്തിച്ചാർജിൽ ഒരു പ്രവർത്തകന്റെ തലപൊട്ടി.
നിറയെ സമരമുഖം
സമയം
രാവിലെ 11.30
യൂത്ത് കോൺഗ്രസ് മാർച്ചിൽ അക്രമമുണ്ടായാൽ നേരിടാനായി വൻ പൊലീസ് സംഘത്തെ സെക്രട്ടേറിയറ്റിന് ചുറ്റും വിന്യസിച്ചിരുന്നു. ഇതിനിടെ കെ.എസ്.യുവിന്റെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും ഐക്യദാർഢ്യവുമായെത്തി. ആർ.വൈ.എഫ് പ്രവർത്തകരും പിന്തുണ അറിയിച്ചെത്തി.
ഉച്ചയ്ക്ക് 12.30
പ്രസ്ക്ലബിനു മുന്നിൽ നിന്ന് യൂത്ത് കോൺഗ്രസിന്റെ മാർച്ച് തുടങ്ങി. സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള ഗതാഗതം നിറുത്തിവച്ചു. മുദ്രാവാക്യം വിളിയുമായി ആർത്തലച്ചെത്തിയ പ്രവർത്തകർ റോഡിന്റെ ഇരുവശത്തെയും ഇടതുപക്ഷത്തിന്റെ കൊടിയും ഫ്ലക്സ് ബോർഡുകളും തകർത്തു. സെക്രട്ടേറിയറ്റിന് എതിർവശത്ത് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ എം.പി ഫണ്ടുപയോഗിച്ച് എ. സമ്പത്ത് നിർമ്മിച്ച വെയിറ്റിംഗ് ഷെഡിന്റെ ബോർഡ് തല്ലിപ്പൊട്ടിച്ചു. സമരഗേറ്റിലേക്ക് പാഞ്ഞടുത്ത പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിന്തിരിഞ്ഞില്ല.
ഉച്ചയ്ക്ക് 12.50
നേതാക്കൾ സംസാരിക്കുന്നതിനിടെ സമരപ്പന്തലിൽ നിന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടു. സമരപ്പന്തലിന് എതിർവശത്തുണ്ടായിരുന്ന പൊലീസ് വാഹനം നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു തർക്കം. തർക്കം മൂത്തതോടെ നോർത്ത് ഗേറ്റിലെ പൊലീസ് പട സമരപ്പന്തലിലേക്ക് കുതിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് നടുവിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരു വശങ്ങളിലുമായി. ഇതിനിടെ സമരപ്പന്തലിലും സമീപത്തും സൂക്ഷിച്ചിരുന്ന സോഡാക്കുപ്പികൾ പൊലീസിന് നേരെ എറിഞ്ഞു.
ഉച്ചയ്ക്ക് 01.10
കണ്ണീർവാതക പ്രയോഗത്തിന് പിന്നാലെ പൊലീസ് ലാത്തി വീശി. പൊലീസിന്റെ ഗ്രനേഡ് സമരപ്പന്തലിന് സമീപം വീണുപൊട്ടി. പ്രവർത്തകർ കൂട്ടം തിരിഞ്ഞ് കല്ലേറും കുപ്പിയേറും തുടർന്നു.
ഉച്ചയ്ക്ക് 01.15
സമരപ്പന്തലിൽ നിരാഹാരം അനുഷ്ഠിച്ച കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവർക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടു. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. 1.30 ഓടെ മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ ശാന്തരാക്കി പിന്തിരിപ്പിച്ചു. ഗതാഗതം പുനഃസ്ഥാപിച്ചു.
ഒരു മുഴം മുമ്പേ പൊലീസ്
സംഘർഷത്തിനിടെ പ്രവർത്തകർ കുപ്പികളും കല്ലും വലിച്ചെറിയുന്നത് തടയാൻ പൊലീസ് ആദ്യമേ പരിസരത്ത് കല്ലും കുപ്പികളും ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു. പ്രതിഷേധക്കാർ പൊലീസിനു നേരെ വലിച്ചെറിയാൻ കല്ലും കുപ്പികളും കുട്ടിയിടുന്ന സ്റ്റാച്യു - ജനറൽ ആശുപത്രി റോഡിലാണ് പരിശോധന നടത്തിയത്. മാധവറാവു പ്രതിമയ്ക്കു പിന്നിൽ നനഞ്ഞ ചാക്കിൽ നിറച്ചു വച്ചിരുന്ന കല്ലും കുപ്പിയും പൊലീസ് നീക്കി. തുടർന്ന് സമീപ സ്ഥലത്തുണ്ടായിരുന്ന കല്ലുകളും നീക്കി.
സെക്രട്ടേറിയറ്രിന് പൊലീസ് മതിൽ
പ്രതിഷേധം കണക്കിലെടുത്ത് സെക്രട്ടേറിയറ്രിന് ഇന്നലെ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എല്ലാ ഗേറ്റുകളും അടച്ചു. ഗേറ്റുകൾക്ക് പുറത്ത് വനിതകളുൾപ്പെടെ വൻ പൊലീസ് പട. മതിലിന് പുറത്തും ഉള്ളിലും നിരനിരയായി പൊലീസ് കാവലുണ്ടായിരുന്നു.