തിരുവനന്തപുരം: അഞ്ചുവർഷത്തോളമായി ഫയൽക്കെട്ടിൽ കുടുങ്ങിക്കിടക്കുന്ന തലസ്ഥാനത്തിന്റെ സ്വപ്നപദ്ധതി ലൈറ്റ് മെട്രോയുടെ തലവര നാളെ അറിയാം. പദ്ധതി നടത്തിപ്പിനുള്ള കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ (കെ.ആർ.ടി.എൽ) ബോർഡ് യോഗം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വിളിച്ചിരിക്കുകയാണ്. മന്ത്രിമാരായ ജി. സുധാകരൻ, ടി.എം. തോമസ് ഐസക്, എ.കെ. ശശീന്ദ്രൻ, ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.പി. രാമകൃഷ്ണൻ എന്നിവരും പൊതുമരാമത്ത്, ധന, ഗതാഗത വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും. സ്വകാര്യപങ്കാളിത്തം നിർബന്ധമാക്കിയുള്ള കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയത്തിന് അനുസരിച്ച് ഡി.എം.ആർ.സി പുതുക്കിയ പദ്ധതിരേഖ (ഡി.പി.ആർ) രണ്ടുവർഷത്തിലേറെയായി പൊടിപിടിച്ച് കിടക്കുകയാണ്. ഈ ഡി.പി.ആർ മന്ത്രിസഭ അംഗീകരിച്ച ശേഷം കേന്ദ്രത്തിനയച്ചാലേ ലൈറ്റ് മെട്രോയ്ക്ക് അനുമതിക്കായുള്ള ഫയൽ ഡൽഹിയിൽ തുറക്കപ്പെടൂ.
സ്വകാര്യ പങ്കാളിത്തം നിർബന്ധമാക്കിയുള്ള കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയത്തോട് സംസ്ഥാനസർക്കാരിനുള്ള എതിർപ്പ് കാരണമാണ് നടപടികൾ ഇഴയുന്നത്.
ലൈറ്റ് മെട്രോയുടെ കാര്യത്തിൽ മെല്ലെപ്പോക്കാണെങ്കിലും ഇതിന്റെ ഭാഗമായുള്ള പട്ടം, ഉള്ളൂർ, ശ്രീകാര്യം ഓവർബ്രിഡ്ജുകൾക്ക് സർക്കാർ അനുമതി നൽകുകയും സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തമ്പാനൂരിൽ മൂന്നുനില മേൽപ്പാലത്തിന്റെ ഡിസൈനും അംഗീകരിച്ചു. മെല്ലെപ്പോക്കും പിടിവാശിയും മാറ്റിവച്ച് സർക്കാർ ഉണർന്നു പ്രവർത്തിച്ചാൽ മെട്രോയ്ക്ക് അനുമതി നേടിയെടുക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണിത്. ഇക്കൊല്ലം 210 കിലോമീറ്റർ മെട്രോലൈൻ സ്ഥാപിക്കുമെന്നാണ് കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനം.
50 നഗരങ്ങളിൽ പുതുതായി മെട്രോ ട്രെയിനുകൾ ഓടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനസ്വപ്നം. നിലവിൽ പത്തു നഗരങ്ങളിൽ മാത്രമുള്ള മെട്രോപദ്ധതികൾ 50 ഇടത്തേക്ക് വ്യാപിപ്പിക്കുകയാണ് കേന്ദ്രനയം. പ്രാഥമിക നടപടികൾ തുടങ്ങിയ നഗരങ്ങളിലെ പദ്ധതികൾക്ക് ഉടനടി അനുമതിയും കേന്ദ്രവിഹിതവും അനുവദിക്കാനാണ് തീരുമാനം. വിശദമായ പദ്ധതിരേഖയും (ഡി.പി.ആർ) പൊതുഗതാഗത നവീകരണപദ്ധതിയും കേരളം തയ്യാറാക്കിയിട്ടുണ്ട്. മെട്രോയുടെ ഡിപ്പോയ്ക്കും യാർഡിനുമായി കോഴിക്കോട്ടും തിരുവനന്തപുരത്തും സ്ഥലമെടുത്തിട്ടുണ്ട്. പ്രാരംഭനിർമ്മിതിയായ നാല് ഓവർബ്രിഡ്ജുകളുടെ ഡിസൈൻ അംഗീകരിച്ചിട്ടുണ്ട്. മൂന്ന് പാലങ്ങൾക്കായി 272 കോടിയുടെ ഭരണാനുമതിയും നൽകി. മെട്രോയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഏഴ് നഗരങ്ങൾ ഇത്രയും നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ല. മെട്രോ ആഗ്രഹിക്കുന്നവർക്ക് ഇത്രയും കാര്യങ്ങൾ ചെയ്തുതീർക്കാൻ ഒന്നരവർഷമെങ്കിലും വേണ്ടിവരും. ഈ അവസരം മുതലെടുക്കാനാവണം കേരളം ശ്രമിക്കേണ്ടത്.
ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി തയ്യാറാക്കിയ ലൈറ്റ് മെട്രോ ഡി.പി.ആർ ഇതുവരെ സർക്കാർ കേന്ദ്രത്തിലേക്ക് അയച്ചിട്ടില്ല. കേന്ദ്രനയം വ്യക്തമാകട്ടെ എന്നാണ് വിശദീകരണം. എന്നാൽ സ്വകാര്യ പങ്കാളിത്തം നിർബന്ധമാക്കി കേന്ദ്രനയം രൂപീകരിച്ചുകഴിഞ്ഞിട്ടുണ്ട്. വേഗത്തിൽ പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ അധികചെലവ് ഉണ്ടാകുമെന്ന് ശ്രീധരൻ പലവട്ടം പറഞ്ഞിട്ടും സർക്കാരിന് ബോദ്ധ്യമായില്ല. പ്രാരംഭനടപടികളെങ്കിലും തുടങ്ങിവയ്ക്കണമെന്ന നിർദ്ദേശം കൂടി സർക്കാർ തള്ളിയതോടെ ഇ. ശ്രീധരനും ഡി.എം.ആർ.സിയും ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിച്ച് ഓഫീസുകൾ പൂട്ടി തലസ്ഥാനം വിട്ടിരുന്നു.
മെട്രോപദ്ധതികളിൽ സ്വകാര്യ പങ്കാളിത്തം നിർബന്ധമാക്കിയുള്ള കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയത്തോടാണ് സംസ്ഥാന സർക്കാരിന് എതിർപ്പ്. പൊതു-സ്വകാര്യപങ്കാളിത്തമുള്ള മെട്രോപദ്ധതികൾക്കേ കേന്ദ്രാനുമതിയും വിഹിതവും ലഭിക്കൂവെന്നതാണ് നിലവിലെ സ്ഥിതി. കോച്ച്, സിഗ്നലിംഗ്, ടിക്കറ്റിംഗ് സിസ്റ്റം എന്നിവയിലേതെങ്കിലുമോ, പദ്ധതിയുടെ ഒരുഭാഗമോ സ്വകാര്യപങ്കാളിത്തത്തോടെ വേണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചത്. പുതിയ കേന്ദ്രനയപ്രകാരം പുതുക്കിയ ഡി.പി.ആർ ഡി.എം.ആർ.സി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് വിതരണം, എലിവേറ്റർ, ലിഫ്റ്റ് എന്നിവയിൽ മാത്രമായി സ്വകാര്യപങ്കാളിത്തം ഒതുക്കിയാണ് പുതുക്കിയ പദ്ധതിരേഖ. 6728 കോടിയുടെ പദ്ധതിയിൽ 150 കോടിക്ക് മാത്രമേ സ്വകാര്യപങ്കാളിത്തമുള്ളൂ.
മെട്രോയുടെ തുടർവികസനത്തിന് പണമുണ്ടാക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് പദ്ധതിയുണ്ടാക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ആദ്യവർഷങ്ങളിൽ മെട്രോ നഷ്ടത്തിലായിരിക്കും. ഈ കാലയളവിൽ മെട്രോയിലേക്ക് യാത്രക്കാരെ എത്തിക്കാനുള്ള ഫീഡർസർവീസ്, റോഡ്-ജംഗ്ഷൻ പരിപാലനം, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ശുചീകരണം എന്നിവയ്ക്ക് തടസമുണ്ടാകാതിരിക്കാനാണ് മറ്റുമാർഗങ്ങളിലൂടെ പണമുണ്ടാക്കാനുള്ള കേന്ദ്രനിർദ്ദേശം. ലൈറ്റ് മെട്രോയ്ക്ക് പ്രത്യേകം അതോറിട്ടികൾ (യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി) രൂപീകരിക്കണമെന്നും യാത്രാസൗകര്യങ്ങൾ, വികസനത്തിന് പണംകണ്ടെത്തൽ, വായ്പയെടുക്കൽ എന്നിവയ്ക്കെല്ലാം പ്രത്യേകം നിയമനിർമ്മാണം നടത്താനുമാണ് കേന്ദ്രം നിർദ്ദേശിച്ചത്. ഇതുപ്രകാരം വിജ്ഞാപനമിറക്കിയ ശേഷമേ പദ്ധതിരേഖ കേന്ദ്രത്തിന് അയയ്ക്കാനാവൂ. ഇതിൽ പലതിനുമുള്ള പ്രാരംഭനടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്.
മറക്കരുത് ശ്രീധരനെ
മെട്രോപദ്ധതികളുടെ നിലവാരം നിശ്ചയിക്കാനുള്ള കേന്ദ്രസർക്കാർ സമിതിയുടെ അദ്ധ്യക്ഷൻ ഇ. ശ്രീധരനാണ്.
ലൈറ്റ് മെട്രോ പദ്ധതികളിലെ ആശങ്ക അകറ്റാൻ സർക്കാർ, മെട്രോമാൻ ഇ. ശ്രീധരന്റെ സഹായം തേടണം. വേണ്ട രീതിയിൽ പദ്ധതിരേഖ തയ്യാറാക്കി കേന്ദ്ര മാനദണ്ഡങ്ങളെല്ലാം പാലിച്ച് അപേക്ഷിച്ചാൽ 50 ശതമാനം പദ്ധതിവിഹിതം കേന്ദ്രം നൽകിയിരിക്കുമെന്ന് സർക്കാരിനെ ശ്രീധരൻ അറിയിച്ചിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തം നിർബന്ധമാക്കിയ പുതിയ കേന്ദ്രനയത്തിന് അനുസരിച്ചാവണം നമ്മുടെ അപേക്ഷ. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി ഏറെ അടുപ്പമുണ്ട് ഇ. ശ്രീധരന്.
കേന്ദ്രത്തെ വെറുപ്പിക്കരുത്
4219 കോടി രൂപയുടെ കൂറ്റൻ പദ്ധതിയാണ് തിരുവനന്തപുരം ലൈറ്റ് മെട്രോ. കോഴിക്കോട്ടും ഇത്രയും ചെലവുണ്ട്. പദ്ധതിക്ക് 1619 കോടിയുടെ കേന്ദ്രവിഹിതവും 3832 കോടിയുടെ വിദേശവായ്പയ്ക്കുള്ള കേന്ദ്രഗാരന്റിയും നേടിയെടുക്കേണ്ടതുണ്ട്. ഉപരിതലഗതാഗത മന്ത്രാലയം മുതൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വരെ അനുമതി വേണ്ട പദ്ധതിയാണ് മെട്രോ. അടുത്തിടെ അനുമതി നൽകിയ പൂനെ മെട്രോയ്ക്ക് കേന്ദ്രം നൽകിയത് 1300 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണ്.
ഇനിയെങ്കിലും വൈകാതെ ലൈറ്റ് മെട്രോയ്ക്ക് കേന്ദ്രത്തിൽ അപേക്ഷിക്കണം. ലൈറ്റ് മെട്രോയാണെങ്കിൽ വേഗത്തിൽ അനുമതി നേടാമെന്ന് മാത്രമല്ല, ചെലവ് 25 ശതമാനം കുറയുകയും ചെയ്യും. വർഷങ്ങൾ കഴിയുന്തോറും ചെലവ് കുതിച്ചുയരും.
-ഇ. ശ്രീധരൻ