തിരുവനന്തപുരം: കിഴക്കേകോട്ടയിൽ കാൽനടയാത്രക്കാർക്കു വേണ്ടി ഫുട് ഓവർബ്രിഡ്ജ് നിർമ്മാണത്തിന് തുടക്കമായി. അട്ടക്കുളങ്ങര മുതൽ ഗാന്ധിപാർക്ക് വരെ നീളുന്ന ഓവർബ്രിഡ്ജിന്റെ ശിലാസ്ഥാപനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. നിർമ്മാണം പൂർത്തിയാക്കി ഒക്ടോബറോടെ തുറക്കാനാണ് ലക്ഷ്യം. കിഴക്കേകോട്ടയിലെ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ വേണ്ട സംവിധാനമില്ലാത്തതിനാൽ നിരവധി ജീവൻ പൊലിയുന്നതിനെ കുറിച്ച് സിറ്റി കൗമുദി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.
സൺ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഫുട് ഓവർബ്രിഡ്ജിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ സാങ്കേതിക മേൽനോട്ടം മാത്രമാണ് നഗരസഭയ്ക്കുള്ളത്.
സാങ്കേതികക്കുരുക്കും പുരാവസ്തുവകുപ്പിന്റെ എതിർപ്പുമാണ് പദ്ധതി വൈകുന്നതിന് കാരണമായത്.
കിഴക്കേകോട്ടയുടെ പൈതൃകസ്വഭാവം സംരക്ഷിച്ചുകൊണ്ട് കോട്ടമതിലിന്റെ ഘടനയ്ക്ക് യോജിക്കുന്ന തരത്തിലാകും നിർമ്മാണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രോഗികൾക്കും ഭിന്നശേഷിക്കാർക്കും സഹായമായി ഓവർബ്രിഡ്ജിൽ ലിഫ്റ്റ് സൗകര്യം ഒരുക്കും. കൂടാതെ സി.സി ടിവി സംവിധാനവും എൽ.ഇ.ഡി ലൈറ്റുകളും സ്ഥാപിക്കും. ഫുട് ഓവർബ്രിഡ്ജ് ഇറങ്ങുന്ന കാൽനട യാത്രികർക്ക് സുഗമമായി റോഡ് മുറിച്ചുകടക്കുന്നതിനായി സ്മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തി അണ്ടർപാസേജ് നിർമ്മിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
നഗരസഭയുടെ നേതൃത്വത്തിൽ നിർമിക്കുന്ന മൂന്നാമത്തെ ഫുട് ഓവർബ്രിഡ്ജാണ് കിഴക്കേകോട്ടയിലേത്. ആദ്യ ഓവർബ്രിഡ്ജ് കോട്ടൺഹിൽ സ്കൂളിന് സമീപം നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തു. രണ്ടാമത്തെ ഓവർബ്രിഡ്ജിന്റെ നിർമാണം പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപം പുരോഗമിക്കുകയാണ്.
ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വി.എസ്. ശിവകുമാർ എം.എൽ.എ, നടൻ ജഗദീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വഞ്ചിയൂർ പി. ബാബു, വി സി. സുദർശനൻ, സൺ ഇൻഫ്രാസ്ട്രക്ച്ചർ ഡയറക്ടർ എസ്. നസീബ് തുടങ്ങിയവർ സംസാരിച്ചു.