തിരുവനന്തപുരം: ഒടുവിൽ 'അമ്മത്തൊട്ടിൽ" എസ്.എ.ടി ആശുപത്രി നടയിൽ സ്ഥാപിക്കാൻ തീരുമാനമായി. 17 വർഷം മുമ്പ് ആശുപത്രിയിലെ മാലിന്യക്കൂമ്പാരത്തിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് കുഞ്ഞുങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് അമ്മത്തൊട്ടിൽ തുടങ്ങാൻ തീരുമാനമായത്. അങ്ങനെ അമ്മമാർ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങൾക്കായി തൈക്കാട് ശിശുക്ഷേമ സമിതി ഓഫീസിൽ ആദ്യ അമ്മത്തൊട്ടിൽ തുറന്നു. മൂന്ന് മാസം മുമ്പ് എസ്.എ.ടി ആശുപത്രി പരിസരത്ത് ഒരു ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. എന്തൊക്കെയായാലും കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനെ ന്യായീകരിക്കാനാകില്ലെങ്കിലും എസ്.എ.ടി ആശുപത്രിയിലും കൂടി അമ്മത്തൊട്ടിൽ തുടങ്ങാനാണ് തീരുമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടക്കുന്ന ആശുപത്രിയാണിത്
തൈക്കാട് കൂടാതെ നെയ്യാറ്റിൻകര ഗവ. ആശുപത്രി വളപ്പിലാണ് നിലവിൽ ജില്ലയിൽ അമ്മത്തൊട്ടിൽ ഉള്ളത്.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അഭ്യർത്ഥന പ്രകാരം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് എസ്.എ.ടി ആശുപത്രി പരിസരത്ത് അമ്മത്തൊട്ടിൽ നിർമ്മിക്കുക. ധനവകുപ്പിൽ നിന്നും ഫണ്ടിന് അനുമതി ലഭിച്ചിട്ടുണ്ട്. മൂന്നുമാസത്തിനകം അമ്മത്തൊട്ടിൽ നിർമ്മാണം പൂർത്തിയാവും.
തൈക്കാട്ടെ ശിശുക്ഷേമ സമിതി ഓഫീസിലെ അമ്മത്തൊട്ടിലിൽ നിന്ന് ഇതിനകം നിരവധി കുഞ്ഞുങ്ങളെ ലഭിച്ചിട്ടുണ്ടെങ്കിലും നെയ്യാറ്റിൻകരയിലെ അമ്മത്തൊട്ടിലിൽ നിന്ന് ഇതുവരെ ഒരു കുട്ടിയെപ്പോലും ലഭിച്ചിട്ടില്ലെന്ന് സമിതി അധികൃതർ പറയുന്നു. സംസ്ഥാനത്ത് 14 അമ്മത്തൊട്ടിലുകളാണ് നിലവിലുള്ളത്. എസ്.എ.ടി കൂടാതെ കോഴിക്കോട്ടും പുതിയ അമ്മത്തൊട്ടിൽ സ്ഥാപിക്കും.
ആദ്യം അരുതേ... എന്നു പറയും
സുരക്ഷാകാര്യത്തിൽ തികച്ചും ഹൈടെക്കായിരിക്കും എസ്.എ.ടി ആശുപത്രിയിലെ അമ്മത്തൊട്ടിൽ. കൈയിൽ കുഞ്ഞുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രമേ സെൻസർ ഘടിപ്പിച്ച ആദ്യ വാതിൽ തുറക്കൂ. തുടർന്ന് കുഞ്ഞിനെ ഉപേക്ഷിക്കാൻ വരുന്നവരോട് അരുതേ... എന്ന സന്ദേശം കേൾപ്പിക്കും.
പിന്മാറിയില്ലെങ്കിൽ മാത്രം രണ്ടാമത്തെ വാതിൽ തുറക്കും. അവിടെയുള്ള തൊട്ടിലിൽ കുഞ്ഞിനെ കിടത്താം. കുട്ടിയുടെ ഫോട്ടോയും ഭാരവുമുൾപ്പെടെയുള്ള വിവരങ്ങൾ മോണിറ്ററിൽ തെളിയും. പിന്നെ ആ വാതിലുകൾ അടയും. കുഞ്ഞിനെ ഉപേക്ഷിച്ച് മടങ്ങിയാൽ ഉടൻ അലാറം മുഴങ്ങും. ഒപ്പം അമ്മത്തൊട്ടിലിൽ ഘടിപ്പിച്ചിട്ടുള്ള കാമറയിലൂടെ ജില്ലാ കളക്ടറുൾപ്പെടെയുള്ളവർക്ക് അറിയിപ്പും നൽകും. അകത്തെ വാതിലിലൂടെ അധികൃതർക്ക് മാത്രമേ കുഞ്ഞിനെ എടുക്കാനാകൂ.
അനാഥത്വത്തിന്റെ പേരിൽ ഒരു പിഞ്ചു കുഞ്ഞിനും ജീവൻ നഷ്ടപ്പെടാൻ പാടില്ലെന്ന് ഉറപ്പു വരുത്താനാണ് അമ്മത്തൊട്ടിൽ പദ്ധതി നടപ്പാക്കിയത്. അമ്മയുടെ സ്വകാര്യത പൂർണമായും സംരക്ഷിച്ച് തൊട്ടിലിലെത്തുന്ന കുഞ്ഞുങ്ങളെ സുരക്ഷിത കരങ്ങളിലെത്തിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്."-
എസ്.പി. ദീപക്, ( സെക്രട്ടറി, ശിശുക്ഷേമസമിതി)