ബ്രഹ്മാണ്ഡ ചിത്രം മഹാവീർ കർണൻ അടുത്ത വർഷം തുടങ്ങുമെന്ന് നടൻ വിക്രം പറഞ്ഞു. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയപ്പോഴാണ് വിക്രം ഇക്കാര്യം വ്യക്തമാക്കിയത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിക്രം അടുത്തായി അഭിനയിക്കുന്നത്. അതിനു ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനിൽ അഭിനയിക്കും.ഈ രണ്ടു ചിത്രങ്ങളും പൂർത്തിയായതിനു ശേഷമാണ് വിക്രം മഹാവീർ കർണനിൽ ജോയിൻ ചെയ്യുന്നത്. കർണന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്പോൾ മുടി നീട്ടി വളർത്തുന്നത് പൊന്നിയിൻ സെൽവന്റെ പ്രത്യേക ലുക്കിന് വേണ്ടിയാണെന്ന് വിക്രം പറഞ്ഞു. കൽക്കി കൃഷ്ണമൂർത്തി ഒരുക്കിയ അഞ്ചു വാള്യങ്ങളുള്ള ചരിത്ര നോവലിനെ അധികരിച്ച് തയ്യാറാക്കുന്ന ഈ മണിരത്നം ചിത്രം അടുത്ത മാസം തുടങ്ങും. ജയറാം ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട് . ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിനായി മണിരത്നത്തിന്റെ ടീം കീർത്തി സുരേഷിനെ സമീപിച്ചതായും വാർത്തയുണ്ട്. കുന്ദവൈ എന്ന കഥാപാത്രമായാണ് കീർത്തിയെ പരിഗണിക്കുന്നത്.കാർത്തി, ജയംരവി തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്.