വാഷിംഗ്ടൺ: കാശ്‌മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ വിശദീകരണവുമായി അമേരിക്കൻ വിദേശകാര്യമന്ത്രാലയം. മധ്യസ്ഥതയല്ല സഹായമാണ് ഉദ്ദേശിച്ചതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഭീകരതയ്ക്കെതിരെ പാകിസ്ഥാൻ നിലപാടെടുത്താലെ ചർച്ച സാദ്ധ്യമാകൂ എന്നും അവർ പറഞ്ഞു. ഉപയകക്ഷി പ്രശ്നത്തിൽ ഇന്ത്യയും പാകിസ്ഥാനും ചർച്ച നടത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വിഷയത്തിൽ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും മധ്യസ്ഥതയ്ക്കായി ഒരു നിർദ്ദേശവും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ കശ്മീരിൽ പ്രശ്ന പരിഹാരം ഉണ്ടാവൂ എന്ന ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.
കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ മദ്ധ്യസ്ഥത വഹിക്കാമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. കാശ്മീർ വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം അഭ്യർത്ഥിച്ചതായും ട്രംപ് വ്യക്തമാക്കി. എന്നാൽ ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളി.
ട്രംപ് മദ്ധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. കാശ്മീരിലെ സ്ഥിതി വളരെ വഷളാണെന്നും രണ്ട് രാജ്യങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അമേരിക്കയ്ക്ക് ഇടപെടാൻ കഴിയുമെങ്കിൽ ഇടപെടാമെന്നും ട്രംപ് പറഞ്ഞു. ഒസാക്കയിൽ ജി 20 ഉച്ചകോടിക്കിടെയാണ് കാശ്മീർ വിഷയത്തിൽ മോദി സഹായം അഭ്യർത്ഥിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം.