കൽപ്പറ്റ: നടുറോഡിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ ഓട്ടോ ഡ്രൈവർ ക്രൂരമായി മർദിച്ചു. വയനാട് ജില്ലയിലെ അമ്പലവയലിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ ജീവാനന്ദിനോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു.
പൊലീസ് സ്റ്റേഷന് തൊട്ടടുത്തായിരുന്നു സംഭവം നടന്നത്. എന്നാൽ പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. ജീവാനന്ദ് ദമ്പതികളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്.
ഭർത്താവിനെ മർദിച്ചതിനെ ചോദ്യം ചെയ്തതോടെയാണ് 'നിനക്കും വേണോ'യെന്ന് ചോദിച്ച് ജീവാനന്ദ് യുവതിയുടെ മുഖത്തടിച്ചത്. കൂടാതെ യുവതിയെ അസഭ്യം പറയുകയും ചെയ്തു. ദൃക്സാക്ഷികളിലാരോ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. പൊലീസ് സംഭവം ഒത്തുതീർപ്പാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം.