ബംഗളൂരു: കർണാടകത്തിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ അയോഗ്യത വിഷയത്തിൽ ഹാജരാകാൻ ഒരു മാസത്തെ സമയം വേണമെന്നാവശ്യപ്പെട്ട് വിമത എം.എൽ.എമാർ സ്പീക്കർക്ക് കത്ത് നൽകി. ചൊവ്വാഴ്ച 11 മണിക്ക് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സ്പീക്കർ വിമത എം.എൽ.എമാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, എം.എൽ.എമാർ മുംബയിൽ തന്നെ തുടരുകയാണ്. ഇവർ ബംഗളൂരുവിലേയ്ക്ക് എത്തില്ലെന്നാണ് സൂചന. അയോഗ്യരാക്കപ്പെടുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ നീങ്ങുന്ന സാഹചര്യത്തിലാണ് വിമതർ സമയം കൂടുതൽ നൽകണമെന്ന് ഉന്നയിച്ചിരിക്കുന്നത്.
കുമാരസ്വാമി സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിനെച്ചൊല്ലിയുള്ള അനിശ്ചിതത്വത്തിനും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ബഹളത്തിനുമൊടുവിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് നിയമസഭ പിരിഞ്ഞത്. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക സ്പീക്കർ കെ.ആർ. രമേശ് കുമാർ വ്യക്തമാക്കി. വൈകിട്ട് നാല് മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാക്കുമെന്നും സ്പീക്കർ അറിയിച്ചു. രാവിലെ 11ന് സഭ ചേരും.
ഇന്നലെ അർദ്ധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് ശക്തമായി എതിർത്തു. വേണമെങ്കിൽ നടപടികൾക്കായി താൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സഭ പിരിയാൻ തീരുമാനമെടുക്കുകയായിരുന്നു. ചർച്ച പൂർത്തിയാക്കി ബുധനാഴ്ച വോട്ടെടുപ്പ് നടത്താമെന്ന മുഖ്യമന്ത്രി കുമാരസ്വാമിയുടെയും കോൺഗ്രസിന്റെയും നിർദ്ദേശം തള്ളിയ സ്പീക്കർ എത്രവൈകിയാലും ഇന്നലെ രാത്രിതന്നെ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിൽ ഉറച്ചുനിന്നെങ്കിലും ഒടുവിൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.