mg-hector

ഇന്ത്യയിലെ ഇന്റർനെറ്റ് കണക്‌ടിവിറ്റിയുള്ള ആദ്യ കാറെന്ന വിശേഷണത്തോടെ വിഖ്യാത ബ്രിട്ടീഷ് ഓട്ടോമൊബൈൽ ബ്രാൻഡായ മോറിസ് ഗെറാഷസ് അഥവാ എം.ജി മോട്ടോഴ്‌സ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന വാഹനമാണ് എം.ജി ഹെക്‌ടർ. 1930കളിൽ റോയൽ എയർഫോഴ്‌സ് ഉപയോഗിച്ചിരുന്ന റോയൽ ഹെക്‌ടർ ബൈ പ്ലെയിനിനോടുള്ള ആദരസൂചകമായാണ് ഇന്ത്യയിലെ ആദ്യ മോഡലിന് ഹെക്‌ടർ എന്ന പേര് നൽകിയത്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന വില്‌പന വളർച്ച കുറിക്കുന്ന സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹന (എസ്.യു.വി) ശ്രേണിയിലാണ് എം.ജിയുടെ ഇവിടുത്തെ ആദ്യ മോഡലായ 'ഹെക്‌ടർ" ചുവടുവയ്ക്കുന്നത്.

മനോഹരവും വ്യത്യസ്‌തവുമാണ് ഹെക്‌ടറിന്റെ രൂപകല്‌പന. ഹെഡ്‌ലാമ്പിന്റെ സ്ഥാനത്ത്, തീരെക്കുഞ്ഞൻ എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ കാണാം. അവയ്ക്ക് നടുവിലായി, എം.ജി ലോഗോയോട് കൂടിയ, ക്രോം അതിരുകളുള്ള വലിയ ഗ്രിൽ.

ഗ്രില്ലിന് ഇരുവശത്തുമായി താഴെയാണ് എൽ.ഇ.ഡി ഹെഡ്‌ലാമ്പിന്റെ സ്ഥാനം. അതിനും താഴെ ഫോഗ്‌ലാമ്പുകളും ഇടംപിടിച്ചിരിക്കുന്നു. ചുവപ്പ് പൂശിയ എൽ.ഇ.ഡി ടെയ്ൽലാമ്പുകളാണ് പിൻഭാഗത്തെ ആകർഷണം. പിന്നിൽ, ബമ്പറിന് കീഴെ സിൽവർ സ്കിഡ് പ്ളേറ്റ് കാണാം. അതും വീലും വീൽആർച്ചും തമ്മിലെ വലിയ ഗ്യാപ്പും പക്ഷേ, വാഹനത്തിന്റെ ഭംഗിയുമായി പൊരുത്തപ്പെടുന്നില്ല. 17-ഇഞ്ച് അലോയ് വീലുകളാണുള്ളത്. അകത്തളത്തിൽ, ആദ്യം നമ്മുടെ ശ്രദ്ധ പതിയുക 10.4 ഇഞ്ച് ടച്ച് സ്‌ക്രീനിലായിരിക്കും. സ്‌റ്റിയറിംഗ് വീലിലെ കൺട്രോൾ ബട്ടണുകൾ ഒഴിച്ചാൽ, ഹെ‌ക്‌ടർ പൂർണമായും ബട്ടൺ-ഫ്രീയാണ്.

ലെതർ സീറ്റുകൾ, നിലവാരമേറിയ മെറ്റീരിയലുകൾ, മികവുറ്റ എ.സി സംവിധാനം എന്നിവയാൽ പ്രീമിയം ഫീൽ സമ്മാനിക്കുന്നമുണ്ട് അകത്തളം. 4.6 മീറ്റർ നീളവും 2.7 മീറ്റർ വീൽബെയ്‌സുമായി ശ്രേണിയിലെ വലിയ വാഹനം തന്നെയാണ് ഹെക്‌ടർ. മികച്ച വീൽബെയ്‌സുള്ളതിനാൽ അകത്തളം വിശാലവുമാണ്. എമർജൻസി കോളിംഗ്, ഡ്രൈവർ അനലിറ്റിക്‌സ്, 5ജി റെഡി കണക്ഷൻ, വോയിസ് കമാൻഡ് എന്നീ സവിശേഷതകൾ നിറയുന്നതാണ് ഇൻഫോടെയ്‌ൻമെന്റ് സംവിധാനം. വശങ്ങളിലെ ചില്ലുകളോ സൺറൂഫോ തുറക്കാനും അടയ്‌ക്കാനും റേഡിയോ നിയന്ത്രിക്കാനുമെല്ലാം വോയിസ് കമാൻഡ് പ്രയോജനപ്പെടുത്താം.

1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എൻജിനുകളാണ് ഹെക്‌ടറിനുള്ളത്. ഇരു എൻജിനും 6-സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷൻ നൽകിയിരിക്കുന്നു. പെട്രോൾ വേരിയന്റിന് ഓപ്‌ഷണലായി 7-സ്‌പീഡ് ഡ്യുവൽ ക്ളച്ച് ഗിയർ ബോക്‌സുമുണ്ട്. പെട്രോൾ മോഡൽ ലിറ്രറിന് 14.16 കിലോമീറ്ററും ഡ്യുവൽ ക്ളച്ച് വേരിയന്റ് 13.96 കിലോമീറ്ററും മൈലേജ് വാഗ്‌ദാനം ചെയ്യുന്നു. 48 വോൾട്ട് ബാറ്ററിയോട് കൂടിയ ഹൈബ്രിഡ് പെട്രോൾ മോഡലും ഹെക്‌ടറിനുണ്ട്; 15.8 കിലോമീറ്റർ മൈലേജ് ഇത് അവകാശപ്പെടുന്നു. 17.41 കിലോമീറ്ററാണ് ഡീസൽ വേരിയന്റിന്റണ്ഡ വാഗ്‌ദാനം.