aluva

കൊച്ചി: പ്രസവം നിർത്തുന്ന ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്ത്. കടുങ്ങല്ലൂർ സ്വദേശിനിയായ സിന്ധുവാണ്(36) മരിച്ചത്. ചികിത്സ പിഴവ് മൂലമാണ് സിന്ധു മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

വിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന യുവതിയും ഭർത്താവും കുട്ടികളും അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് പ്രസവം നിർത്തുന്ന ശസ്ത്രക്രിയയ്ക്കായി യുവതിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് യുവതിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയത്. ഒരു മണിക്കൂർ കഴിഞ്ഞിട്ടും വിവരമൊന്നും അറിയിക്കാത്തതിനെത്തുടർന്ന് സിന്ധുവിന്റെ അമ്മ ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറിയപ്പോഴാണ് അബോധാവസ്ഥയിലുള്ള മകളെ കാണുന്നത്. ഉടൻതന്നെ ഐ.സി.യു ആംബുലൻസിൽ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.

ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തനിക്ക് നൽകിയ മരുന്ന് മാറിയോയെന്ന് നഴ്സ് കൂടിയായ യുവതി സംശയം പ്രകടിപ്പിച്ചതായി ബന്ധുക്കൾ പറയുന്നു. അതേസമയം അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നൽകിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി മോശമായെന്നാണ് ആശുപത്രിയുടെ വാദം.