red-94

''നിമിഷേ.. കുഞ്ഞിന് എന്ത് പറ്റിയെടീ?"

കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റുകൊണ്ട് സി.ഐ ഋഷികേശ് അലറി.

പുറത്തുണ്ടായിരുന്ന പോലീസുകാർ ഹാഫ് ഡോറിനു മുകളിലൂടെ സി.ഐയുടെ ക്യാബിനിലേക്ക് എത്തിനോക്കി.

''ഈ നിമിഷം വരെ കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടില്ല...."

ഫോണിലൂടെ പുരുഷന്റെയോ സ്ത്രീയുടെയോ എന്ന് വ്യക്തമാകാത്ത ഒരു ചിലമ്പിച്ച ശബ്ദം കേട്ടു.

''ആരാ നീ?"

ഋഷികേശിന് അപകടം മണത്തു.

''ഞാൻ ആരും ആയിക്കൊള്ളട്ടെ. കേട്ടത് നിന്റെ കുഞ്ഞിന്റെ ശബ്ദമാണെന്ന് ബോദ്ധ്യമായല്ലോ.."

കുട്ടിയുടെ വാ പൊത്തിപ്പിടിച്ചിരിക്കുന്നതു പോലെ അസ്പഷ്ടമായ ചില മൂളലുകൾ ഫോണിലൂടെ കേട്ടു.

''എന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ കൊന്നുകളയും നിന്നെ ഞാൻ..."

പറയുന്നതിനിടയിൽ ഋഷികേശ് ക്യാബിനിൽ നിന്നു പുറത്തുവന്നു.

''നീ എന്നെ കൊല്ലും മുൻപ് നിന്റെ കുഞ്ഞിനെ ഞാൻ കൊന്നാലോ?"

അപ്പുറത്തു നിന്ന് യാതൊരു ദയയുമില്ലാതെ സ്വരം.

ഋഷികേശ് വിറച്ചുപോയി.

മറുഭാഗത്തു നിന്ന് വീണ്ടും ശബ്ദം കേട്ടു.

''ഈ ലോകത്തുള്ള സകലരും, പ്രായമായവരോ ചെറുപ്പക്കാരോ കൊച്ചുകുട്ടികളോ ആകട്ടെ... അവരുടെ മാതാപിതാക്കൾക്ക് കുട്ടികൾ തന്നെയാണ് ഇൻസ്പെക്ടർ. അതുകൊണ്ട് നിന്റെ കുട്ടിക്കുമാത്രം പ്രത്യേകതയൊന്നുമില്ല.

ഋഷികേശ് പെട്ടെന്നു സ്വരം മാറ്റി.

''നിങ്ങൾക്ക്.... നിങ്ങൾക്ക് എന്താണു വേണ്ടത്?"

''ഇത് ഗത്യന്തരമില്ലാതെ വരുമ്പോൾ ഓരോരുത്തരും ചോദിക്കുന്നതാ. എന്നാലും പറയാം. തമ്പുരാക്കന്മാർ! അനന്തഭദ്രൻ തമ്പുരാനും ബലഭദ്രൻ തമ്പുരാനും. നീ കൊല്ലാക്കൊല ചെയ്ത് ഇട്ടിരിക്കുകയല്ലേ അവരെ? ഈ നിമിഷം അവരെ നീ ആശുപത്രിയിലാക്കണം. നടന്നത് കള്ളക്കേസാണെന്ന് എനിക്കുമറിയാം നിനക്കും അറിയാം. അവിടുത്തെ ജോലിക്കാരിയായ ആ സ്ത്രീയെയും മകളെയും നീ കാണണം. അവരുടെ പരാതി കള്ളമായിരുന്നെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. പത്ത് മിനിട്ടു സമയമാണ് നിനക്കുള്ളത്. അതിനിടയിൽ ഈ പറഞ്ഞതൊക്കെ നടന്നില്ലെങ്കിൽ ഇനിയൊരു കുഞ്ഞിന്റെ മുഖം നിനക്ക് കാണണമെങ്കിൽ നിന്റെ ഭാര്യ ഒരിക്കൽകൂടി ഗർഭം ധരിക്കേണ്ടിവരും."

അപ്പുറത്തെ ശബ്ദം ഒരു നിമിഷം നിലച്ചതും ഋഷികേശ് ധൃതികൂട്ടി.

''എന്റെ കുഞ്ഞ്.."

''പതിനൊന്നാം മിനിട്ടിൽ മരിക്കും." ഫോൺ കട്ടായി.

എന്തുവേണമെന്ന് അറിയാതെ ഋഷികേശ് സ്തബ്ധനായി.

''എന്താ സാറേ?"

മറ്റ് പോലീസുകാർ അയാൾക്കു ചുറ്റും കൂടി.

ഋഷികേശിനു നാവനങ്ങിയില്ല.

അയാൾ നിമിഷയുടെ നമ്പരിലേക്ക് വീണ്ടും വിളിച്ചു.

സ്വിച്ചോഫ് എന്നു മറുപടി.

അടുത്ത നിമിഷം അയാളുടെ ഫോണിലേക്കു വീണ്ടും കാൾ വന്നു.

തന്റെ ക്വാർട്ടേഴ്സിലെ ലാന്റ് ഫോൺ നമ്പർ!

അറ്റന്റു ചെയ്തതേ അപ്പുറത്തു നിന്ന് നിമിഷയുടെ വിലാപം.

''ഋഷിയേട്ടാ... നമ്മുടെ കുഞ്ഞ്..."

''അറിയാം. ഞാൻ വേണ്ടതു ചെയ്യാം മോളേ..."

കാൾ മുറിച്ചിട്ട് അയാൾ സൈബർ സെല്ലിലേക്കു വിളിച്ചു. ഭാര്യയുടെ നമ്പർ കൈമാറി.

''എത്രയും വേഗം ആ ഫോണിന്റെ ലൊക്കേഷൻ അറിയണം. വെരി അർജ്ജന്റ്."

അല്പം കഴിഞ്ഞപ്പോൾ മറുപടി വന്നു.

''സ്വിച്ചോഫ് ആകുന്ന സമയത്ത് ഫോൺ സാറിന്റെ വീടിനടുത്തുള്ള ടവർ പരിധിയിലായിരുന്നു."

ഋഷികേശ് വല്ലാതെ തളർന്നു.

എസ്.ഐ കാർത്തിക്കിനോടും അയാൾ കാര്യം ചുരുക്കി പറഞ്ഞു.

അവരിലും നടുക്കം.

സി.ഐ കൽപ്പിച്ചു:

''ഇടിച്ചു പിഴിയ്.... രണ്ട് തമ്പുരാക്കന്മാരെയും. എന്റെ കുഞ്ഞിനെ തട്ടിയെടുത്തവനെക്കുറിച്ച് അവർക്ക് അറിവുണ്ടാകും."

കാർത്തിക് തല ചൊറിഞ്ഞു.

''അപ്പോൾ ഇവരെ ഹോസ്പിറ്റലിൽ..."

''ഒരിടത്തേക്കും കൊണ്ടുപോകുന്നില്ല."

കൊടുങ്കാറ്റുപോലെ സി.ഐ പുറത്തേക്കു കുതിച്ചു. ബൊലേറോയിൽ ചാടിക്കയറി. അത് ക്വാർട്ടേഴ്സിനെ ലക്ഷ്യമാക്കി പാഞ്ഞു.

''വരിൻ..." കാർത്തിക്ക് പോലീസുകാരെ വിളിച്ചുകൊണ്ട് രണ്ടാം നിലയിലേക്കു പോയി.

സി.ഐ ഋഷികേശ് ക്വാർട്ടേഴ്സിൽ എത്തുമ്പോൾ പരിസരവാസികളൊക്കെ അവിടെ തിങ്ങിക്കൂടിയിരുന്നു.

''ഋഷിയേട്ടാ.. നമ്മുടെ കുഞ്ഞ്..." അലറിക്കരഞ്ഞുകൊണ്ട് നിമിഷ അയാളുടെ നെഞ്ചിലേക്കു വീണു.

''ഏയ്... അവന് ഒന്നും സംഭവിക്കില്ല മോളേ..."

ഋഷികേശ്, ഭാര്യയുടെ തോളിൽ തട്ടി.

''ഈ പരിസരം മുഴുവൻ ഞങ്ങൾ അരിച്ചുപെറുക്കി സാറേ... എന്നിട്ടും."

അയൽക്കാരിൽ ഒരാൾ പകുതിക്കു നിർത്തി.

ഋഷികേശ് ഒന്നു മൂളി.

പെട്ടെന്ന് അയാളുടെ സെൽഫോൺ ശബ്ദിച്ചു. തിടുക്കത്തിൽ എടുത്തുനോക്കിയ ഋഷികേശിന്റെ കണ്ണുകൾ വികസിച്ചു.

നിമിഷയുടെ ഫോണിൽ നിന്നുള്ള കാൾ..

''എടാ. എന്റെ കുഞ്ഞെവിടെ?" അയാൾ ഗർജ്ജിച്ചു.

''തമ്പുരാക്കന്മാരെ നീ ആശുപത്രിയിൽ കൊണ്ടുപോയില്ല. പകരം വീണ്ടും തല്ലിച്ചതയ്ക്കുന്നു! നിനക്ക് നിന്റെ കുഞ്ഞിനോടുള്ള സ്നേഹം മനസ്സിലായി. അതുകൊണ്ട് ഇനി അവനെ പ്രതീക്ഷിക്കണ്ടാ."

കാൾ മുറിഞ്ഞ് ഫോൺ വീണ്ടും സ്വിച്ചോഫായി....

(തുടരും)