vijayarakhavan

എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനെ നിശിതമായി വിമർശിച്ച് അഡ്വ എ. ജയശങ്കർ. യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ അതിക്രമത്തിനെതിരെ കെ.എസ്.യു സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ സമരത്തെ പരിഹസിച്ച് എൽ.ഡി.എഫ് കൺവീനർ നടത്തിയ പ്രസംഗത്തെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നത്. രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയ കാര്യത്തെക്കുറിച്ചും ടിവി ചാനലുകളിൽ വാർത്ത അവതരിപ്പിക്കുന്ന സ്ത്രീകൾ സാരിയുടുക്കുന്ന വിധമായാലും വിജയരാഘവൻ എന്തു പറയുമ്പോഴും അറിയാതെ 'എ' വരുമെന്നാണ് അഡ്വ. എ ജയശങ്കർ വിമർശിക്കുന്നത്. 'എ' വെറുമൊരു ഇനീഷ്യലല്ലെന്നും അത് ഒരു കാലത്ത് സിനിമാ നോട്ടീസിലും പോസ്റ്ററിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരുന്ന അർത്ഥപൂർണമായ ഒരു ചുരുക്കെഴുത്താണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ഓർമിപ്പിക്കുന്നു. എന്നാൽ പ്രസംഗം വിവാദമായ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ചിട്ടില്ലെന്ന് എ.വിജയരാഘവൻ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എൽഡിഎഫ് കൺവീനർ വിജയരാഘവൻ, വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്. സഖാവിനെ വിമർശിക്കുന്നവർ അക്കാര്യം മറക്കരുത്.

'A' വെറുമൊരു ഇനീഷ്യലല്ല. അർത്ഥപൂർണമായ ഒരു ചുരുക്കെഴുത്താണ്. ഒരു കാലത്ത് സിനിമാ നോട്ടീസിലും പോസ്റ്ററിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരുന്ന അതേ A.

സഖാവ് വിജയരാഘവൻ എന്തു പറയുമ്പോഴും അറിയാതെ A വന്നു പോകും- രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയ കാര്യമായാലും, ടിവി ചാനലുകളിൽ വാർത്ത അവതരിപ്പിക്കുന്ന സ്ത്രീകൾ സാരിയുടുക്കുന്ന വിധമായാലും.

ഇതൊന്നും അദ്ദേഹം ആക്ഷേപിക്കാൻ വേണ്ടി പറയുന്നതല്ല. നമ്മുടെ പാർട്ടി ചാനലിലും വാർത്ത അവതരിപ്പിക്കുന്ന വനിതാ സഖാക്കൾ പൊക്കിളിനു താഴെവെച്ചാണ് സാരി ഉടുക്കുന്നത്. ഈ നവോത്ഥാന കേരളത്തിൽ അതൊന്നും വലിയ കാര്യമല്ല.

സഖാവ് വിജയരാഘവൻ്റെ വാമൊഴി വഴക്കത്തിൽ A യ്ക്കുളള പ്രാധാന്യത്തെ പറ്റി മലയാള സർവകലാശാലയിൽ ഗവേഷണം നടക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധപ്പെടുത്താൻ ആലോചിക്കുന്നു.