bijumenon

മദ്യപാനവും പുകവലിയുമുള്ള രംഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കണമെന്ന നിയമസഭ സമിതിയുടെ ശുപാ‌ർശയെ വിമർശിച്ച് ചലച്ചിത്രതാരം ബിജുമേനോൻ രംഗത്ത്. ശുപാർശ നടപ്പായാൽ ഭക്തി പടങ്ങൾ മാത്രം എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ശുപാർശയെക്കുറിച്ച് സിനിമ മേഖല ഒരുമിച്ച് ആലോചിച്ച് തീരുമാനമെടുക്കണമെന്നും ബിജുമേനോൻ ആവശ്യപ്പെട്ടു.

'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ' എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് പ്രസ്ക്ലബ് നടത്തിയ മുഖാമുഖം പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ബിജുമേനോൻ. സിനിമയിൽ അവതരിപ്പിച്ച സുനിയും താനുമായി ഒരുപാട് വ്യത്യാസമുണ്ടെന്നും, കുടുംബത്തോട് ഉത്തരവാദിത്തമില്ലാതെ നടക്കുന്ന സുനിയല്ല ജീവിതത്തിൽ താനെന്നും ബിജുമേനോൻ വ്യക്തമാക്കി.

മലയാളികളുടെ ജീവിതത്തോട് ഏറെ അടുത്ത് കിടക്കുന്ന പ്രമേയം അവതരിപ്പിക്കാൻ സാധിച്ചുവെന്നതാണ് ഈ ചിത്രം നൽകുന്ന സന്തോഷമെന്നും ബിജു മേനോൻ പറഞ്ഞു. ചിത്രം വിജയിക്കാനുള്ള പ്രധാന കാരണം അതിന്റെ പേരാണെന്നും താരം വ്യക്തമാക്കി. 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ' എന്ന പേരായിരുന്നില്ല ആദ്യം തീരുമാനിച്ചിരുന്നത്. ചർച്ചകൾ നടക്കുന്ന സമയത്ത് നിർമ്മാതാവ് സന്ദീപ് സേനനാണ് ഈ പേര് നിർദേശിച്ചതെന്നും ബിജുമേനോൻ കൂട്ടിച്ചേർത്തു.