തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടായെന്നും ഇക്കാര്യത്തിൽ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സി.പി.എമ്മിന്റെ ഭവന സന്ദർശനത്തിനിടെ ജനങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്. ജനങ്ങളുടെ വികാരം നേരത്തെ തന്നെ മനസിലാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി എല്ലാ രാഷ്ട്രീയ പാർട്ടികളും ആദ്യ ഘട്ടത്തിൽ സ്വാഗതം ചെയ്യുകയാണുണ്ടായത്. അതിന് ശേഷം ചില രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ നിലപാട് മാറ്റി. അത് കണക്കിലെടുത്ത് നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെന്ന് ചില കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സംസ്ഥാന സർക്കാരിന് മുന്നിലുണ്ടായിരുന്ന പ്രായോഗിക നടപടി. ബാക്കി കാര്യങ്ങളിൽ പരിമിതി ഉണ്ടായിരുന്നു. വിശ്വാസികൾക്കും അയ്യപ്പഭക്തർക്കും എതിരല്ല ഇടത് മുന്നണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ തീരുമാനിച്ചത് ഇടതുപക്ഷ സർക്കാരാണെന്ന് കരുതിയവരുണ്ടെന്നും അവരിൽ പലർക്കും സുപ്രീം കോടതി വിധിയുണ്ടെന്നു പോലും അറിയില്ലെന്നും ഭവന സന്ദർശനത്തിനിടെ മനസിലാക്കാൻ കഴിഞ്ഞെന്നും സി.പി.എം നേതാവ് പി.രാജീവും പറഞ്ഞിരുന്നു. വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നവരാണ് ഇടതുപക്ഷമെന്ന രീതിയിൽ പ്രചരിച്ച ചില വാട്സ്ആപ്പ് സന്ദേശങ്ങളും ചിലർ കാണിച്ചുതന്നു. ഇപ്പോൾ കേന്ദ്രമന്ത്രിമാരുടെ പ്രസ്‌താവനകൾ കേൾക്കുമ്പോൾ ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ട്. ന്യൂനപക്ഷ സംരക്ഷണത്തിനും ബി.ജെ.പിയെ അധികാരത്തിൽ നിന്നും മാറ്റുന്നതിനും കോൺഗ്രസിനേ കഴിയൂയെന്ന് കരുതി വോട്ടു ചെയ്ത പലരും പറ്റിയ അബദ്ധം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.