ന്യൂഡൽഹി: കാശ്‌മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഒരു സഹായവും തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി.
യു.എസ്. പ്രസിഡന്റിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രി തന്നെ വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം രാജ്യസഭയിൽ ബഹളംവയ്ക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് 12 മണി വരെ നിറുത്തിവച്ചു. ട്രംപിന്റെ വിവാദ പ്രസ്താവനയിൽ വിശദീകരണം വേണമെന്ന് പ്രതിപക്ഷം ലോക്‌സഭയിലും ആവശ്യമുന്നയിച്ചു. വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
അതേസമയം, കാശ്‌മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ വിശദീകരണവുമായി അമേരിക്കൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. മധ്യസ്ഥതയല്ല സഹായമാണ് ഉദ്ദേശിച്ചതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഭീകരതയ്ക്കെതിരെ പാകിസ്ഥാൻ നിലപാടെടുത്താലെ ചർച്ച സാദ്ധ്യമാകൂ എന്നും അവർ പറഞ്ഞു. ഉപയകക്ഷി പ്രശ്നത്തിൽ ഇന്ത്യയും പാകിസ്ഥാനും ചർച്ച നടത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.