അവസരം കാത്തിരിക്കുന്നവർക്ക്, അനിശ്ചിതത്വമാണ് ഏറ്റവും നല്ല സമയം. ദീർഘവീക്ഷണമുള്ളവർ അതിനെ സാദ്ധ്യതയാക്കി മറ്റും; അതില്ലാത്തവർ അതിനെ പ്രശ്നമായി കാണും. പക്ഷേ, നിങ്ങൾ മാനസികമായി സ്ഥിരമായ, നിർബന്ധിതമായ പ്രതികരണങ്ങളുടെ അവസ്ഥയിലായതു കൊണ്ട്, നിങ്ങൾ നിശ്ചിതത്വം തേടുന്നു. നിശ്ചിതത്വം മാറ്റമില്ലായ്മയാണ്. എന്നാൽ ബിസിനസിലോ രാഷ്ട്രീയത്തിലോ സാമൂഹ്യസംഭവങ്ങളിലോ എല്ലാം നിശ്ചിതമായാലോ? ഒന്നിനും ഒരു മാറ്രവും വരില്ല, ഒന്നും പരിണമിക്കുകയുമില്ല. നിശ്ചിതത്വം തേടുന്നതിലൂടെ, ആത്യന്തികമായി, നിങ്ങൾ സ്തംഭനാവസ്ഥയിലേക്കാണ് നീങ്ങുന്നത്. കാര്യങ്ങൾ സ്തംഭിതമായാലോ നിങ്ങൾക്ക് മടുപ്പാകും ഫലം.
പ്രശ്നം അനിശ്ചിതത്വത്തിലല്ല. നിങ്ങളുടെ ആന്തരികത അനിശ്ചിതത്വത്തിലായതാണ് പ്രശ്നം. ആന്തരികത എന്നത് തനതായ ഒരു മാനമാണ്. ബാഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് അതിനെ രൂപകൽപ്പന ചെയ്യാനാവില്ല. നിങ്ങൾ നിർണയിക്കുന്ന ഒന്നല്ല അത് . ഒരു നിക്ഷേപവുമില്ലാതെയാണ് നിങ്ങൾ ഇവിടെയെത്തിയത്. നിങ്ങളുടെ കൈയിൽ മൂലധനമില്ലാതെ നിങ്ങൾ പോകും. ഇതിനിടയിൽ എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ ലാഭത്തിന്റെ ഭാഗത്താണ്, കാരണം നിങ്ങൾക്കുള്ളതെല്ലാം ജീവിതാനുഭവമാണ്. നിങ്ങൾ അത് എങ്ങനെ അനുഭവിക്കുന്നു എന്നതാണ് പ്രധാനം.
സാഹചര്യം എന്തുതന്നെയായാലും ആന്തരികമായി നിങ്ങൾ സ്ഥിരതയുള്ള ഒരാളായി മാറുക. നിങ്ങൾ വലിയ ഉദ്യോഗത്തെ അഥവാ സംരംഭത്തെ കൈകാര്യം ചെയ്യുമ്പോൾ, അത് നിങ്ങളെക്കുറിച്ച് മാത്രമുള്ളതല്ല, ആയിരം ആളുകൾ നിങ്ങൾക്കൊപ്പം ഉൾപ്പെടുന്നു. അതിനാൽ നിങ്ങൾ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്, നിങ്ങളുടെ ജീവിതത്തെ മാത്രമല്ല, ആയിരം ജീവിതങ്ങളെയും ബാധിക്കുന്നു.
നിങ്ങളുടെ ഉള്ളിൽ സ്ഥിരവും ആനന്ദദായകവുമായ രസതന്ത്രം സൃഷ്ടിക്കാൻ കഴിയുന്ന, ജീവിതത്തിലെ വിവിധതരം ഉയർച്ചതാഴ്ചകളെ നേരിടാനുള്ള കഴിവ് വളരെയധികം വർദ്ധിപ്പിക്കാവുന്ന ഒരു മാർഗം, നിങ്ങളെ ഞാൻ പഠിപ്പിക്കാം. എങ്ങനെ? യോഗയിലൂടെ. യോഗയുടെ സുപ്രധാനമായ സാദ്ധ്യത എന്തെന്നാൽ, നിങ്ങൾ ഇവിടെ വെറുതെ ഇരിക്കുകയാണെങ്കിൽ, നിങ്ങൾക്കും നിങ്ങളുടെ ശരീരത്തിനും ഇടയിൽ ഒരല്പം സ്ഥലമുണ്ട്, നിങ്ങൾക്കും നിങ്ങളുടെ മനസിനും ഇടയിൽ ഒരു ചെറിയ ഇടമുണ്ട്, കൂടാതെ നിങ്ങൾക്കും ലോകത്തിനുമിടയിൽ ഒരു ചെറിയ ഇടമുണ്ട്. നിങ്ങൾക്കുള്ളിൽ ഈ ഇടം സൃഷ്ടിച്ചു കഴിഞ്ഞാൽ, നിങ്ങൾ എന്താണെന്നും എന്തല്ലെന്നും നിങ്ങൾക്കറിയാമെങ്കിൽ, അതാണ് കഷ്ടതയുടെ അവസാനം. കഷ്ടപ്പാടുകളെ ഭയപ്പെടാത്തപ്പോൾ, നിങ്ങൾക്ക് എല്ലാം പരമാവധി വ്യക്തതയൊടെ നോക്കാനും എല്ലാ പ്രശ്നങ്ങളെയും നിങ്ങളുടെ ബുദ്ധിക്കും കഴിവിനും ഉതകുന്ന തരത്തിൽ പരിഹരിക്കാനും കഴിയും. സാഹചര്യങ്ങൾക്ക് നിങ്ങളെ കീഴടക്കാൻ ഒരിക്കലുമാകില്ല.
യോഗയെ സമഗ്രമായ രീതിയിലായിരിക്കണം സമീപിക്കേണ്ടത്. നിങ്ങളുടെ അടിയന്തരവും ആത്യന്തികവുമായക്ഷേമത്തെ അഭിസംബോധന ചെയ്യാനുള്ള വഴികൾ നിങ്ങൾക്ക് കാണിച്ചുകൊണ്ട്, നിങ്ങളുടെ ആന്തരികാവസ്ഥയിൽ പ്രവർത്തിക്കാനുള്ള 112 ആസൂത്രിത മാർഗം യോഗ വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു പൂർണമായ ശാസ്ത്രവും സാങ്കേതികവിദ്യയുമാണ്.
നിങ്ങൾ ഒരു ദിവസം 30 - 40 മിനിറ്റ് നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങളുടെ ശരീരത്തിലും മനസിലും ചൈതന്യപരമായി, അടുത്ത ആറുമാസത്തിനുള്ളിൽ നിങ്ങൾക്ക് കുറഞ്ഞത് 10 വയസ് പ്രായം കുറയ്ക്കാം.