imran-khan

ഇസ്ലാമാബാദ്: ലോകകപ്പ് ക്രിക്കറ്റിൽ സെമിയിലെത്താതെ പുറത്തായതിന് തൊട്ടുപിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ. അടുത്ത ലോകകപ്പിൽ വളരെ മികച്ചൊരു പാകിസ്ഥാനെ നിങ്ങൾക്ക് കാണാൻ സാധിക്കുമെന്ന് പ്രധാനമന്ത്രിയും പാക് ക്രിക്കറ്റ്‌ ടീമിന്റെ മുൻ ക്യാപ്റ്റനുമായ ഇമ്രാൻ ഖാൻ പറഞ്ഞു.

യു.എസ് സന്ദർശനത്തിന്റെ ഭാഗമായി വാഷിംങ്ടണിലെ പാകിസ്ഥാൻ പൗരന്മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എന്റെ വാക്കുകൾ ഒർത്തുവച്ചോളൂ, വളരെയധികം പ്രൊഫഷനലായ രീതിയിലുള്ള സമീപനമായിരിക്കും പാക് ക്രിക്കറ്റ് ടീം സ്വീകരിക്കുക'- ഇമ്രാൻ ഖാൻ പറഞ്ഞു. അതേസമയം ഏത് രീതിയിലുള്ള പരിഷ്‌കാരമാണ് നടത്തുന്നതെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ല.

പാക്കിസ്ഥാൻ 1992ൽ ലോകകപ്പ് നേടിയപ്പോൾ ഇമ്രാൻ ഖാനായിരുന്നു ക്രിക്കറ്റ് ടീം ക്യാപ്റ്റൻ. ഇത്തവണത്തെ ലോകകപ്പിൽ അഞ്ച് മത്സരങ്ങളിലാണ് പാകിസ്ഥാൻ ജയിച്ചത്. മൂന്നെണ്ണത്തിൽ തോറ്റ ടീം സെമിഫൈനലിൽ കടന്നില്ല. ടീമിനെതിരെ വിമർശനങ്ങളുമായി ആരാധകർ രംഗത്തെത്തിയിരുന്നു.