കൊച്ചി: വൈപ്പിൻ കോളേജിലെ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘർഷവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ സി.പി.ഐ നടത്തിയ മാർച്ചിൽ സംഘർഷം. അക്രമാസക്തരായ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം അടക്കമുള്ള നിരവധി പേർക്ക് പരിക്കറ്റു. ജലപീരങ്കി പ്രയോഗിച്ച പൊലീസ് എം.എൽ.എ അടക്കമുള്ളവരെ വളഞ്ഞിട്ട് തല്ലിയതായും ആരോപണമുണ്ട്.
വൈപ്പിൻ കോളേജിൽ നടന്ന സംഘർഷത്തിൽ ഞാറയ്‌ക്കൽ സി.ഐ പക്ഷപാതപരമായ നടപടി സ്വീകരിച്ചെന്ന് ആരോപിച്ചാണ് സി.പി.ഐ ഡി.ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ ഇരുന്നൂറോളം പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തിരുന്നു. ഇതിനിടയിൽ മാർച്ച് അക്രമാസക്തമാവുകയും പൊലീസ് ബലപ്രയോഗം നടത്തുകയുമായിരുന്നു. അതേസമയം, പൊലീസ് ലാത്തിച്ചാർജ് സംബന്ധിച്ച വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.
നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ബുധനാഴ്ച വൈപ്പിൻ കോളേജിൽ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘർഷമുണ്ടായത്. ക്ലാസ് തുടങ്ങിയിട്ടില്ലെങ്കിലും രണ്ടാം വർഷക്കാരായ രണ്ട് വിദ്യാർത്ഥികൾ കോളേജിലെത്തിയതിനെ ചൊല്ലിയായിരുന്നു കൈയാങ്കളി. തുടർന്ന് ഇവരെ സന്ദർശിക്കുന്നതിന് സി.പി.ഐ. ജില്ലാ സെക്രട്ടറി പി.രാജുവും സംഘവും ആശുപത്രിയിലെത്തി മടങ്ങവേ കാറിന് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബൈക്കുകൾ വച്ച് തടസമുണ്ടാക്കിയത് വീണ്ടും സംഘർഷത്തിന് കാരണമായി. ഞാറക്കൽ സി.ഐ. മുരളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ഇരുപക്ഷത്തേയും പറഞ്ഞുവിട്ടു. എന്നാൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ സി.ഐ.യുടേത് ഏകപക്ഷീയമായ നടപടികളാണെന്നും ഇതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി, പൊലീസ് കംപ്ലൈന്റ് അതോറിറ്റി തുടങ്ങിയവർക്ക് പരാതി നൽകുമെന്നും സി.പി.ഐ. വ്യക്തമാക്കിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും സി.ഐയുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് സി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചത്.