വയനാട്: അമ്പലവയലിൽ നടുറോഡിൽ ദമ്പതികളെ മർദ്ദിച്ചത് പ്രാദേശിക കോൺഗ്രസ് നേതാവെന്ന് ആരോപണം. കഴിഞ്ഞ ദിവസം രാത്രി ഓട്ടോ ഡ്രെെവറായ സജീവാനന്ദ് എന്ന് വ്യക്തി ആക്രമിച്ചെന്നാണ് വിവരം. അതേസമയം, ആരോപണ വിധേയനായ സജീവാനന്ദ് കോൺഗ്രസ് പ്രചാരണ പരിപാടിയിൽ ഉൾപ്പെടെ പങ്കെടുക്കുന്നതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇയാൾക്ക് പാർട്ടി അംഗത്വമില്ലെന്നാണ് വയനാട് ഡി.സി.സി വിശദീകരിക്കുന്നത്.
ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ പ്രതികരിച്ചു. അക്രമത്തിന് ഇരയായവർ ഇതര സംസ്ഥാനക്കാരായാലും കേരളത്തിലുള്ളവരാണെങ്കിലും നടുറോഡിൽ വച്ച് ഇത്തരത്തിലുള്ള ഒരു ആക്രമണം ഉണ്ടാവാൻ പാടില്ലെന്നും അവർ പറഞ്ഞു.
ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തന്നെയാണ് നിലപാടെന്നും ഇതൊക്കെ ഒരിക്കലും സമൂഹത്തിൽ ചെയ്യാൽ പാടില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അതിൽ ആരുടേയും മുഖം നോക്കേണ്ട കാര്യമില്ലെന്നും ശക്തമായ നടപടിയെടുക്കേണ്ട ആവശ്യം പൊലീസിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേക പരാതിയുടെ ആവശ്യമില്ല. ആദ്യം നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ബാലകൃഷ്ണൻ പറഞ്ഞു.
അതേസമയം, പരാതി ലഭിക്കാത്തതുകൊണ്ട് കേസെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ പൊലീസ് സംഭവം വിവാദമായതിന് പിന്നാലെ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി. നാട്ടുകാരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിഷയത്തിൽ വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനും പൊലീസിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്നും വനിതാ കമ്മിഷൻ ആരോപിച്ചു. മർദ്ദനമേറ്റ ദമ്പതികളെ കണ്ടെത്താതിരുന്നത് ഗുരുതര വീഴ്ചയെന്ന് ജോസഫൈൻ ആരോപിച്ചു. കണ്ടുനിന്നവരോട് ചോദിക്കാൻ പോലും പൊലീസ് ജാഗ്രത കാട്ടിയില്ലന്നും അവർ കുറ്റപ്പെടുത്തി.