kaumudy-news-headlines

1. കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍. വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണം എന്ന് പ്രതിപക്ഷം. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ എം.പിമാര്‍ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനെ കാണുകയാണ്. പാര്‍ലമെന്റില്‍ വിദേശകാര്യമന്ത്രി പ്രസ്താവന നടത്തിയേക്കും


2. കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു എന്നായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. മധ്യസ്ഥനാകാന്‍ സന്നദ്ധന്‍ ആണെന്ന് അറിയിച്ചതായും ട്രംപ് വ്യക്തമാക്കി ഇരുന്നു. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇത് തള്ളിയിരുന്നു.
3. ശബരിമല വിഷയം ജനങ്ങള്‍ക്ക് ഇടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷം ഭക്ത ജനങ്ങള്‍ക്ക് എതിരാണ് എന്ന തെറ്റിദ്ധാരണ ഉണ്ടായതായി ഭവന സന്ദര്‍ശനങ്ങളില്‍ നിന്ന് ബോധ്യപ്പെട്ടു. ഇത് തിരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും എന്നും കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് വീടുകള്‍ കയറി നിലപാട് വിശദീകരിക്കാനും പരാതികള്‍ കേള്‍ക്കാനും സി.പി.എം തീരുമാനിച്ചത്, ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ
4. ഇടതുപക്ഷം ഭക്തജനങ്ങള്‍ക്കോ വിശ്വാസികള്‍ക്കോ എതിരല്ല. ശബരിമല വിധിയെ ആദ്യഘട്ടത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വാഗതം ചെയ്തത് ആണ്. അതിനിടയില്‍ ചില കക്ഷികള്‍ എതിര്‍ നിലപാട് സ്വീകരിച്ചതിനാല്‍ സ്ഥിതിഗതികളില്‍ മാറ്റം വന്നു. എന്നാല്‍ ആ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് ആയില്ല എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
5. യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരകടലാസ് ചോര്‍ച്ചയില്‍ ഡി.ജി.പി പ്രഖ്യാപിച്ച ഇതുവരെ അന്വേഷണം ഇതുവരെ ആരംഭിക്കാതെ ക്രൈംബ്രാഞ്ച്. സര്‍വകലാശാലാ രജിസ്ട്രാറില്‍ നിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ല എന്ന് വിശദീകരണം. അതേസമയം, ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഉത്തര കടലാസുകളിലും ദുരൂഹത. ഒരു കെട്ട് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് അംഗമായ പ്രണവ് എന്ന വിദ്യര്‍ത്ഥിയ്ക്ക് നല്‍കിയതായി യൂണിവേഴ്സിറ്റി കോളേജ്. ബാക്കി കടലാസുകള്‍ ആണ് ശിവരഞ്ജിത്തിന് നല്‍കിയത്. യൂണിവേഴ്സിറ്റി കോളേജ് അധികൃതര്‍ ഇക്കാര്യം പൊലീസിനെ രേഖാമൂലം അറിയിച്ചു
6. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ നാളെ ജിബ്രാള്‍ട്ടറിലെത്തും. കപ്പലിലെ ജീവനക്കാരെ ഹൈക്കമ്മിഷണര്‍ കാണും. മാദ്ധ്യമങ്ങളോട് പ്രതികരിക്കരുത് എന്ന് ജീവനക്കാരോട് ജിബ്രാള്‍ട്ടര്‍ പോര്‍ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളോട് അല്ലാതെ ഫോണില്‍ സംസാരിക്കരുത് എന്നും മുന്നറിയിപ്പുണ്ട്.
7. ആഗസ്റ്റ് 19 വരെ കപ്പല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രിം കോടതി അനുമതി നല്‍കിയിട്ടുണ്ട്. കപ്പലില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 23 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്. ബ്രിട്ടനും ഇറാനും പിടിച്ചെടുത്ത കപ്പലുകളിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജിബ്രാള്‍ട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഗ്രേസ് വണ്‍ എന്ന കപ്പിലുള്ളവര്‍ സുരക്ഷിതര്‍ ആണെന്ന് ലണ്ടന്‍ ഹൈക്കമ്മിഷനും അറിയിച്ചു. ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ ഉള്ളവരുമായി ശനിയാഴ്ച തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എന്ന് ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതിയും അറിയിച്ചു.
8. രാഷ്ട്രീയ പ്രതിസന്ധിക്കിടെ കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. വൈകിട്ട് ആറ് മണിക്ക് വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാര്‍ ഇക്കാര്യം സഭയെ അറിയിച്ചത്. രാത്രി വൈകിയും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ബി.ജെ.പി ഉന്നയിച്ചത്. എന്നാല്‍ ഭരണപക്ഷം ഇതിന് തയാറായിരുന്നില്ല. പിന്നീട് വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്താമെന്ന് അറിയിച്ച ശേഷം സഭ പിരിയുക ആയിരുന്നു. അതേസമയം സഭയില്‍ ഹാജരാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുക ആണ് വിമത എം.എല്‍.എമാര്‍
9. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് തുടരും. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
10. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കും എന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.