murder

തൻതരൺ: കാമുകനൊപ്പം പോകാൻ രണ്ടു കുട്ടികളുടെ അമ്മയായ യുവതി ഭർത്താവിനെ കൊലപ്പെടുത്തി. സിമ്രാൻ കൗർ എന്ന യുവതിയാണ് ഭർത്താവ് രാജ്പ്രീതിനെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം പോയത്. പഞ്ചാബിലെ തൻതരൺ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.

ഭർത്താവിന് കഴിക്കാനുള്ള ഭക്ഷണത്തിൽ യുവതി വിഷം കലർത്തിയിരുന്നു. എന്നാൽ ഇത് കൊണ്ട് ഭർത്താവ് മരിക്കുമോയെന്ന സംശയം ഉണ്ടായി. തുടർന്ന് കയറുപയോഗിച്ച് കഴുത്ത് ഞെരിച്ചു. ശേഷം രണ്ടു മക്കളെയും ഭർത്താവിന്റെ വീട്ടിൽ കൊണ്ടുവിട്ട് യുവതി കാമുകനൊപ്പം പോകുകയായിരുന്നു.

അച്ഛന്റെ കഴുത്തിൽ അമ്മ കയറുകൊണ്ട് മുറുക്കുന്നത് കണ്ടെന്ന് കുട്ടികൾ മുത്തച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഉടൻതന്നെ ബന്ധുക്കളെയും കൂട്ടി അദ്ദേഹം മകന്റെ വീട്ടിലെത്തി. അവശനിലയിലുള്ള രാജ്പ്രീതിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛനെ കൊന്ന അമ്മയെ തൂക്കിക്കൊല്ലണമെന്നാണ് മക്കളുടെ ആവശ്യം.

രാജ്പ്രീതും സിമ്രാനും തമ്മിലുള്ള വിവാഹം നടന്നിട്ട് 12 വർഷമായി. അടുത്തിടെയാണ് സിമ്രാൻ ലൗവ് പ്രീത് സിംഗ് എന്ന യുവാവുമായി പ്രണയത്തിലായത്. മക്കളെയോർത്തങ്കിലും ഈ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് സിമ്രാന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതി ഇതിന് തയ്യാറായില്ല. യുവതിക്കും കാമുകനുമെതിരെ രാജ്പ്രീതിന്റെ പിതാവ് പരാതി നൽകിയിട്ടുണ്ട്.