vikram-with-son

ഭാഷാ ഭേദമില്ലാതെ ചിലതാരങ്ങളെ നമ്മൾ മനസിൽ പ്രതിഷ്‌ഠിച്ചിട്ടുണ്ട്. അതിലൊരാളാണ് ചിയാൻ വിക്രം. കരിയറിന്റെ തുടക്കത്തിൽ മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്‌ത് വിക്രം പിന്നീട് ഇന്ത്യൻ സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളായി മാറുകയായിരുന്നു. ധ്രുവത്തിലെ മമ്മൂട്ടിയുടെ കാർ ഡ്രൈവറിൽ നിന്ന് സേതുവും,​ സാമിയും,​ അന്യനുമൊക്കെയായി പകർന്നാടി,​ മലയാളിയുടെ മനസിൽ ചിരപ്രതിഷ്‌ഠ നേടുകയായിരുന്നു വിക്രം.

അച്ഛന്റെ വഴിയിൽ തന്നെയാണ് മകൻ ധ്രുവ് വിക്രവും. തെലുങ്കിലെ സൂപ്പർ ഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയുടെ റീമേക്കായ 'ആദിത്യ വർമ്മ'യിലൂടെ തമിഴിൽ സാന്നിധ്യമാകാനൊരുങ്ങുകയാണ് ധ്രുവ്. ചിത്രത്തിന്റെ ട്രെയിലറിന് വമ്പൻ സ്വീകരണമാണ് ആരാധകർ നൽകിയത്. എന്നാലിപ്പോൾ മകനെ കുറിച്ച് വിക്രം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

'അയാളെ കോളേജിലേക്ക് വിടുന്നതിനോട് എനിക്കങ്ങനെ താൽപര്യമുണ്ടായിരുന്നില്ല. കോളേജെന്നുവച്ചാൽ മെഡിക്കൽ കോളേജ്, എൻജിനീയറിംഗ് കോളേജ് അങ്ങനെ പ്രൊഫഷണൽ പോകുന്നതാണ് നല്ലത്. സാധാരണ കോളേജുകളിൽ പോയാൽ മൂന്ന് വർഷം എൻജോയി ചെയ്യാം എന്നല്ലാതെ. നിനക്ക് എന്താണോ ചെയ്യാൻ ആഗ്രഹം അതു ചെയ്യൂ എന്നാണ് ഞാൻ അവനോട് പറഞ്ഞത്. ഒന്നും നിർബന്ധിച്ച് ചെയ്യിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല.

തന്റെ സിനിമകളുടെ വലിയ വിമർശകനാണ് ധ്രുവ് എന്നും വിക്രം പറഞ്ഞു. അവൻ വളരെ മിടുക്കനാണ്. എനിക്ക് ഒന്നും പഠിപ്പിച്ച് കൊടുക്കേണ്ടതായി വന്നിട്ടില്ല. ഒരു സൂപ്പർതാരത്തിന്റെ മകനായി ഇരിക്കണമെന്നും അവന് ആഗ്രഹമില്ല. നല്ല ഒരു നടനാകണം എന്നല്ലാതെ'.

'കടാരം കൊണ്ടാൻ' എന്ന തന്റെ പുതിയ ചിത്രിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ദൃശ്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിക്രം മനസു തുറന്നത്. താൻ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ ഏറെ വ്യത്യസ്തമാണ് ചിത്രത്തിലെ നായകനെന്ന് താരം വ്യക്തമാക്കി.