കോഴിക്കോട്: പുഴയിലെ ഒഴുക്കിനോട് മത്സരിക്കാൻ വിദേശികൾ എത്തി തുടങ്ങി, അവരെ സ്വീകരിക്കാൻ തുഷാരഗിരിയും ഒരുങ്ങി. ജൂലായ് 26, 27, 28 തീയതികളിലായാണ് മത്സരം. ഇക്കൊല്ലം കൂടുതൽ താരങ്ങളെ ഉൾക്കൊള്ളിക്കും. വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വനിത, പുരുഷ കയാക്കിംഗ് താരങ്ങൾ മേളയിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ചാലിപ്പുഴ, ഇരുവഴിഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് കയാക്കിംഗ് ജല കേളികൾക്കായി വേദി ഒരുക്കിയിട്ടുള്ളത്.
ചാലിപ്പുഴയിൽ പുലിക്കയത്തും ഇരുവഴിഞ്ഞിപ്പുഴയിൽ അരിപ്പാറയിലും കയാക്കിംഗ്, ഡൈവിംഗ് റാപുകളുടെ നിർമാണം നടന്നു വരുന്നു. വിദേശ ടൂറിസ്റ്റുകളുടെ പങ്കാളിത്തംകൊണ്ട് കഴിഞ്ഞ ആറു വർഷവും ശ്രദ്ധേയമായ കയാക്കിംഗ് മേള വൻ വിജയമാക്കാൻ കോഴിക്കോട് ജില്ലാ ഭരണകൂടവും കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളും വിപുലമായ തയ്യാറെടുപ്പുകളിലാണ്. കേരള ടൂറിസവും അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും കോഴിക്കോട് ജില്ലാ ടൂറിസം കൗൺസിലും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.
ഇറ്റലിയിൽ നിന്ന് തുഷാരഗിരിക്ക്
വൈറ്റ് വാട്ടർ കയാക്കിംഗിൽ വളരെ താൽപര്യമുള്ള ഇറ്റലിക്കാരൻ ജാക്കപ്പോ നെരോദ്ര കേരളത്തിലെ പുഴകളെക്കുറിച്ചുള്ള ഏറെ നാളത്തെ അന്വേഷണത്തിന് ശേഷമാണ് ഗൂഗിളിലൂടെ ചാലിയാർ പുഴയെക്കുറിച്ച് അറിയുന്നത്. അധികം വൈകാതെ തുഷാരഗിരിയിലേക്ക് വന്നു, കണ്ടു, ഇഷ്ടമായി. കല്ലിൽ തട്ടി പതഞ്ഞൊഴുകുന്ന പുഴ, വൈറ്റ് വാട്ടർ കയാക്കിംഗിന് ഏറ്റവും അനുയോജ്യമായ സ്ഥലം. അങ്ങനെയാണ് വിദേശികൾ താൽപര്യം കാണിക്കുന്ന വൈറ്റ് വാട്ടർ കയാക്കിംഗിന് തുഷാരഗിരിയിൽ വേദി ഒരുങ്ങുന്നത്. ഇന്ത്യയിൽ വൈറ്റ് വാട്ടർ കയാക്കിംഗ് പഠിപ്പിക്കുന്ന രണ്ട് അക്കാദമികളിൽ ഒന്ന് കോടഞ്ചേരിയിലാണ്. മറ്റൊന്ന് ഋഷികേഷിലെ ഗംഗാനദി പ്രദേശത്തും. ലോക കയാക്കിംഗ് മത്സരങ്ങൾ നടക്കുന്നത് ഇന്ത്യയിൽ തുഷാരഗിരിയിൽ മാത്രമാണ്.
2012ൽ ആരംഭിച്ചു. അന്നത്തെ കോഴിക്കോട് ജില്ലാ കളക്ടർ മോഹൻകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച് പിന്നീട് ടൂറിസം വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ജാക്കപ്പോ നെരോദ്രയുടെ മദ്രാസ് സൺ ടൂൾസ് എന്ന കയാക്കിംഗ് കമ്പിനിയും ടൂറിസം വകുപ്പും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വർഷത്തെ മലബാർ റിവർ ഫെസ്റ്റിൽ 17 രാജ്യങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ വിദേശികൾ കുറവായിരിക്കുമെന്ന് കഴിഞ്ഞ ആറ് വർഷമായി റിവർ ഫെസ്റ്റ് കോ-ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്ന ബെനിറ്റോ ചാക്കോ പറഞ്ഞു. ഇലക്ഷൻ പെരുമാറ്റംചട്ടം വൈകിയത് കാരണം റിവർ ഫെസ്റ്റിന്റെ ഓർഡർ നൽകാനും വൈകി. അതിനാൽ വിദേശികൾക്ക് വിസയും, ടിക്കറ്റും എടുക്കാൻ പറ്റാതെ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
25 നാണ് രജിസ്ട്രേഷൻ . 32 ഓളം മത്സരാർത്ഥികൾ ഇതുവരെയായി എത്തി. ഇവർക്ക് പരിശീലനം നൽകി വരുന്നു. നേപ്പാളിൽ നിന്ന് നാല്, റഷ്യയിൽ നിന്ന് രണ്ട്, അമേരിക്കയിൽ നിന്ന് ഒന്ന്, ഇറ്റലിയിൽ നിന്ന് ഒന്ന് എന്നിങ്ങനെ 8 വിദേശികളാണ് എത്തിയിട്ടുള്ളത്. ഉത്തരാഘണ്ഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും മത്സരാർത്ഥികൾ എത്തിയിട്ടുണ്ട്. മലയാളികളായി 12 പേരാണ് ഇതുവരെ ഉള്ളത്. കോഴിക്കോട് നിന്ന് 9 പേരാണ് ഇതുവരെയായി ഉള്ളത്.
ഇത്തവണ ഫ്രീ സ്റ്റൈൽ മത്സരം ഇല്ല. വിദേശികളാണ് ഇതിനോട് കൂടുതൽ താൽപര്യം കാണിക്കുന്നത്. അതിനാൽതന്നെ വിദേശികൾ കുറവായിരിക്കും എന്നതിനാലാണ് ഇത്തവണ ഫ്രീ സ്റ്റൈൽ ഒഴിവാക്കിയത്. കുറ്റ്യാടി പുഴയാണ് സാധാരണ ഫ്രീ സ്റ്റൈൽ മത്സരത്തിനായി ഉപയോഗിച്ചിരുന്നത്.
മത്സരങ്ങൾ
1. സ്ലാലോം- പുഴയിൽ ക്രോസ് ചെയ്ത് വലിച്ച് കെട്ടിയ കയറിൽ ഇടയ്ക്കിടെയായി പൈപ്പുകൾ കെട്ടി തൂക്കിയിരിക്കും. അതിൽ തൊടാതെ ലക്ഷ്യത്തിലെത്തണം. പൈപ്പിൽ തൊടുന്നതിനനുസരിച്ച് മാർക്ക് കുറയും.
2. വാട്ടർ ക്രോസ്- കയറോ ഒന്നും കെട്ടി വേർതിരിക്കാത്ത പുഴയിലൂടെ നേരിട്ട് സാഹസികമായി തുഴയുക. ഏറ്റവും അപകടമേറിയ മത്സരമാണ് ഇത്.
3. ബിഗിന്നേർസ് റേസ്- തുടക്കക്കാർക്ക് വേണ്ടിയുള്ളത്. മലയാളികൾ കൂടുതലായും പങ്കെടുക്കുന്നത് ഇതിലാണ്.
"വാട്ടർ സ്പോർട്സുകളിൽ താൽപര്യം കൂടുതൽ വിദേശികൾക്കാണ്. പുഴയിലെ വെള്ളം കൂടുമ്പോൾ മലവെള്ളപാച്ചിലും ഉരുൾപൊട്ടലുമൊക്കെയാണ് മലയാളികളുടെ മനസിലൂടെ പോവുക, അവർക്ക് പേടി കൂടും. എന്നാൽ വിദേശികൾക്ക് ഹരമാണ് കൂടുന്നത്".
- ബെനിറ്റോ ചാക്കോ ( കോ-ഓർഡിനേറ്റർ, മലബാർ റിവർ ഫെസ്റ്റ്)