ലംബോർഗിനി എന്ന് കേട്ടാൽ പൃഥ്വിരാജിനെ ഓർക്കാത്ത മലയാളികളുണ്ടാകില്ല. പൃഥ്വിരാജിന്റെ ലംബോർഗിനിയോളം വൈറലായ മറ്റൊരു കാറും കേരളത്തിൽ കാണില്ല. വന്നനാൾ മുതൽ സോഷ്യൽ മീഡിയകളിലെല്ലാം ലംബോർഗിനി നിറഞ്ഞോടി. പ്രളയം വന്നപ്പോൾ പോലും പൃഥ്വിയുടെ ലംബോർഗിനി ട്രോളുകളിൽ താരമായിരുന്നു.
ലംബോർഗിനിയുടെ വരവോടെയാണ് പൃഥ്വിയുടെ വാഹന പ്രേമം നാട്ടിൽ പാട്ടായത്. 40 ലക്ഷത്തോളം രൂപയാണ് ലംബോർഗിനിക്ക് ടാക്സ് അടച്ചത്. . അത് പോലെ തന്നെ വാഹനത്തിന് ഫാൻസി നമ്പർ സ്വന്തമാക്കാൻ താരം ചെലവഴിച്ചത് 6 ലക്ഷം രൂപയാണ്. എന്നാൽ ഇപ്പോൾ ലംബോർഗിനിക്ക് കൂട്ടായി ലാൻഡ് റോവറിന്റെ എസ്.യു.വി റേഞ്ച് റോവറും പൃഥ്വി സ്വന്തമാക്കി. ലംബോർഗിനിയും റെഞ്ച് റോവറും എത്തും മുൻപേ പൃഥ്വിയുടെ ഗാരേജിൽ സ്ഥാനംപിടിച്ചവരാണ് ഓഡി ക്യു7നും, പോഷെ കായേനും. വാഹനം സ്വന്തമാക്കുന്നതിൽ മാത്രമല്ല , മിന്നൽ വേഗത്തിൽ പായിക്കുന്നതും പൃഥ്വിക്ക് ഹരമാണ്. അവസരം കിട്ടിയാൽ ഈ ഡ്രൈവിംഗ് ക്രേസ് പുറത്തെടുക്കാനും മടികാണിക്കില്ല. കുറച്ച് കാലം മുൻപ് മണാലിയിലെ മലയിടുക്കുകളിലൂടെ ജിപ്സി ഓടിക്കുന്ന പൃഥ്വിയെ നമ്മൾ കണ്ടതാണ്. ജിപ്സിയുടെ ഡ്രൈവറെ തത്കാലം മാറ്റിയിരുത്തി പൃഥ്വി വളയം പിടിക്കുകയായിരുന്നു.
മൂന്ന് കോടിയുടെ റേഞ്ച് റോവർ
കൊച്ചിയിൽ നിന്നാണ് പൃഥ്വി വാഹനം സ്വന്തമാക്കിയത്. ഏറ്റവും മികച്ച എസ്.യു.വികളിലൊന്നാണ് റേഞ്ച് റോവർ. ആഡംബരവും സുരക്ഷയും ഒരുപോലെ ഒത്തു ചേർന്ന വാഹനം . മൂന്ന് കോടിയോളമാണ് വില. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആലിയ ഭട്ട്, കത്രീന കെയ്ഫ്, ശില്പ ഷെട്ടി തുടങ്ങി നിരവധി താരങ്ങൾക്ക് റേഞ്ച് റോവർ സ്വന്തമായുണ്ട്.