ജീവിതത്തിൽ ഒരിക്കൽ പോലും തലവേദന വന്നിട്ടില്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ തലവേദനയ്ക്ക് സാധാരണയായി വലിയ പ്രാധാന്യം കൊടുക്കാറില്ലെന്നുള്ളതാണ് സത്യം. ഉദാഹരണത്തിന് കുട്ടികൾ സ്‌കൂളിൽ പോകാനുള്ള മടികൊണ്ട് പറയുന്നതായോ മറ്റും കരുതും. എന്നാൽ തലവേദന എന്നത് ചെറിയ മാനസിക പിരിമുറുക്കങ്ങളുടെ മുതൽ വലിയ അസുഖങ്ങളുടെ വരെ ലക്ഷണമാകാം.
തലവേദനയെ ആളുകൾ പൊതുവെ മാനസിക പിരിമുറുക്കത്തിന്റെ ഭാഗമായാണ് പറയാറുള്ളത്. ഉറക്കമിളച്ചാലും വെയിലത്തുപോയാലും യാത്രചെയ്താലും ടെൻഷൻ അടിച്ചാലും തലവേദനയുണ്ടാകുമെന്ന് പറയും. എന്നാൽ ശാസ്ത്രീയമായി തലവേദനയെ പ്രാഥമികവും ദ്വിദീയവുമായി തരംതിരിച്ചു കണക്കാക്കുന്നു. തല, കഴുത്ത് എന്നീ ഭാഗങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന രക്തക്കുഴലുകളുടേയോ മാംസപേശികളുടേയോ സിരകളുടേയോ ഒക്കെ തകരാറ് മൂലമുണ്ടാകുന്ന തലവേദനകളെയാണ് പ്രാഥമിക ഗണത്തിൽപ്പെടുത്തുന്നത്.
എന്നാൽ രണ്ടാമത്തേത് മറ്റുപല അസുഖങ്ങളുടെ ഭാഗമായി വരുന്ന തലവേദനയാണ്. ഉദാഹരണത്തിന് ബ്രെയിൻ ട്യൂമർ, തലച്ചോറിലെ രക്തക്കുഴലിനുണ്ടാകുന്ന തകരാറുകൾ, തലച്ചോറിലെ രക്തസ്രാവം, തളർവാതം, ഗ്‌ളോക്കോമ മുതലായവ.
പ്രാഥമിക തലവേദനകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മൈഗ്രേൻ. സാധാരണ തലവേദനയിൽ നിന്ന് വ്യത്യസ്തമായി ഒരു വ്യക്തിയുടെ പ്രവർത്തനമേഖലയെ ഇത് കാര്യമായി ബാധിക്കുന്നു. മുതിർന്നവരിൽ പൊതുവെ സ്ത്രീകളിലാണ് മൈഗ്രേൻ കണ്ടുവരുന്നത്. മൈഗ്രേൻ തലവേദനകളുടെ ഏറ്റവും പ്രധാന സവിശേഷത ആവർത്തിച്ച് വരുന്നു എന്നുള്ളത് മാത്രമല്ല, ചുരുക്കം ചില മണിക്കൂറുകളിൽ തുടങ്ങി ദിവസങ്ങളോളം ആളുകളെ ബുദ്ധിമുട്ടിക്കുന്നു എന്നത് കൂടിയാണ്. കൗതുകപരമായ കാര്യം മൈഗ്രേനിന് വ്യക്തമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല എന്നതു തന്നെ. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട 20 അസുഖങ്ങൾ എടുക്കുകയാണെങ്കിൽ അതിൽ പ്രധാനപ്പെട്ട ഒന്നാണ് മൈഗ്രേൻ.